ആലപ്പുഴ : ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവത്തില്‍ ആശുപത്രിക്കും ആരോഗ്യ വകുപ്പിനുമെതിരെ ഗുരുതര ആരോപണവുമായി രോഗികളുടെ ബന്ധുക്കൾ.കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്.
മരിച്ച രാമചന്ദ്രന് ഡയാലിസിസ് ചെയ്യുന്നതിന് മുൻപ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. ഡയാലിസിസ് ചെയ്തുകൊണ്ടിരുന്നപ്പോൾ വിറയൽ ഉണ്ടായി, രക്തം ഛർദ്ദിച്ചു. ആശുപത്രിയിൽ നിന്ന് വേണ്ട പരിഗണന കിട്ടിയില്ല. ഗുരുതരാവസ്ഥയിലായിട്ടും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത് വൈകീട്ട് കുടുംബം ആവശ്യപ്പെട്ടപ്പോൾ മാത്രമാണ്. എന്നാല്‍ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ ഐസിയു ഒഴിവില്ലായിരുന്നു. തുടർന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. ഗുരുതരാവസ്ഥയിൽ ഹരിപ്പാട് ആശുപത്രിയിൽ നിന്ന് വണ്ടാനത്തേക്ക് റഫർ ചെയ്തത് ഐസിയുവില്‍ ഒഴിവുണ്ടോ എന്ന് പോലും നോക്കാതെയാണ് എന്നും ബന്ധുക്കൾ പറയുന്നു.
കൂടാതെ, ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ വിളിച്ചപ്പോൾ വിഷയം അറിയില്ലെന്നായിരുന്നു പ്രതികരണം. ആരോഗ്യ മന്ത്രി ഒന്നും അറിയുന്നില്ല. മന്ത്രി വർഷത്തിൽ ഒരിക്കലെങ്കിലും സർക്കാർ ആശുപത്രികളിൽ ഒന്ന് സന്ദർശനം നടത്തണം. മൈക്കിന് മുന്നിൽമാത്രം വന്നു നിന്നിട്ട് ഒരു കാര്യവുമില്ലെന്നും രാമചന്ദ്രന്‍റെ ബന്ധുക്കൾ പറയുന്നു.
സംഭവത്തെത്തുടര്‍ന്ന് ഹരിപ്പാട്ടെ ഡയാലിസിസ് യൂണിറ്റ് 15 ദിവസത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടു. ഇവിടെ ചികിത്സ തേടിയിരുന്ന 58 രോഗികളെ മാവേലിക്കര ഉള്‍പ്പെടെയുള്ള മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഡയാലിസിസിന് ഉപയോഗിച്ച വെള്ളത്തിലെ അണുബാധയാണ് മരണകാരണമെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. സ്ഥലം എംഎല്‍എ കൂടിയായ രമേശ് ചെന്നിത്തലയും അന്വേഷണം ആവശ്യപ്പെട്ടു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് ആശുപത്രിയില്‍ വിശദമായ പരിശോധന നടത്തും. വെള്ളത്തിന്റെ സാമ്പിളുകളും മരുന്നുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കെ.സി. വേണുഗോപാല്‍ എം.പി, രമേശ് ചെന്നിത്തല എം.എല്‍.എ തുടങ്ങിയവര്‍ സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയച്ചു.
തിങ്കളാഴ്ച ഡയാലിസിസ് ചെയ്ത മറ്റ് 48 പേരെയും ആരോഗ്യവകുപ്പ് ബന്ധപ്പെട്ടെങ്കിലും നിലവില്‍ മറ്റാര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് ലഭിക്കുന്ന വിവരം. രാമചന്ദ്രന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ബന്ധുക്കള്‍ സന്നദ്ധരായില്ല. വരും ദിവസങ്ങളിലെ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ വന്നാല്‍ മാത്രമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാവുകയുള്ളൂ.

