Saturday, May 11, 2024
spot_img

ഛത്രപതി ശിവജി മഹാരാജാവിന്റെ ‘പുലിനഖം’ ഭാരതത്തിൽ തിരിച്ചെത്തിക്കും; മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി ലണ്ടനിലേക്ക്; ‘പുലിനഖം’ ഇനി സൂക്ഷിക്കുക ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് മ്യൂസിയത്തിൽ

മുംബൈ : ഛത്രപതി ശിവജി മഹാരാജാവിന്റെ ആയുധമായിരുന്ന പുലിനഖം ഭാരതത്തിൽ തിരിച്ചെത്തിക്കും. അടുത്ത മാസം പുലിനഖം നിലവിൽ സൂക്ഷിച്ചിരിക്കുന്ന ലണ്ടനിലെ വിക്ടോറിയ ആന്റ് ആല്‍ബര്‍ട്ട് മ്യൂസിയത്തിൽനിന്നു മഹാരാഷ്ട്രയിൽ എത്തിക്കുമെന്ന് മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധിര്‍ മുഗന്‍തിവാര്‍ അറിയിച്ചു.ഈ മ്യൂസിയത്തിലാണ് പുലിനഖം മൂന്നു വര്‍ഷമായുള്ളത്. മ്യൂസിയവുമായി ആയുധം വീണ്ടെടുക്കാനുള്ള കരാറില്‍ ഒപ്പുവയ്ക്കുന്നതിനു മന്ത്രി ചൊവ്വാഴ്ച ലണ്ടനിലെത്തും.
1659ല്‍ ബീജാപൂര്‍ സുല്‍ത്താനെ പരാജയപ്പെടുത്താനായി ഛത്രപതി ശിവജി ഉപയോഗിച്ചിരുന്ന ആയുധമാണ് ഈ പുലിനഖം. ഛത്രപതി ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാർഷികമാണ് ഈ വർഷം. പുലിനഖമെത്തിച്ച ശേഷം ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് മ്യൂസിയത്തിലാണ് സൂക്ഷിക്കുക. 1659ലെ പ്രതാപ്ഗഡ് യുദ്ധം മറാഠ ഭരണത്തിനു നിര്‍ണായക അടിത്തറയേകിയ യുദ്ധമായിരുന്നു.

ഹിന്ദുക്കൾക്കിടയിൽ ഉണ്ടായിരുന്ന തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും ഉന്മൂലനം ചെയ്യുക, താഴ്ന്ന ജാതിക്കാരെ സൈന്യത്തിൽ എടുക്കുക, അതിൽ തന്നെ അർഹിച്ചവർക്ക് ഉന്നത റാങ്കുകൾ നൽകുക, നീതിപൂർവ്വമായ നിയമവ്യവസ്ഥ സ്ഥാപിക്കുക, മതസ്ഥർക്കും അവരുടെ മതത്തിലും ദൈവങ്ങളിലും വിശ്വസിക്കുവാനുള്ള അനുവാദം നൽകുക ഒരു പക്ഷെ ഇന്നത്തെകാലത്ത് ഇത്തരം കാര്യങ്ങൾ നമുക്ക് വലിയ കാര്യങ്ങളായി തോന്നുവാൻ സാധ്യതയില്ല. കാരണം നമ്മൾ ജീവിക്കുന്നത് അത്തരമൊരു പുരോഗമന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ ഇത്തരം കാര്യങ്ങൾ നാനൂറ് വർഷങ്ങൾക്ക് മുൻപ് ഛത്രപതി ശിവജി മഹാരാജാവ് നടപ്പാക്കിയിരുന്നു. കേരളത്തിൽ പോലും ജാതിഭേദമെന്യേ ആളുകൾ പരസ്പരം അടുത്ത് പെരുമാറി തുടങ്ങിയത് 1950 മധ്യത്തോടെയാണ്. നാട് നീങ്ങി ഏതാണ് 400 വർഷങ്ങൾക്കിപ്പുറവും അദ്ദേഹം ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ചിരിക്കുന്നത് അക്കാലത്ത് ഒരിക്കലും സ്വപ്നം പോലും കാണാനാവാത്ത ഇത്തരം പരിഷ്‌കാരങ്ങൾ കൊണ്ട് കൂടിയാണ്

മറാഠ ജനറലായ ശഹജി ബോസ്ലയുടെയും ജിജാഭായിയുടെയും മകനായി 1627 ഫെബ്രുവരി 19നാണ് ഇന്നത്തെ മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ശിവനേരി കോട്ടയിലാണ് ശിവജി ജനിക്കുന്നത്.

തികഞ്ഞ ദൈവവിശ്വാസിയായ അമ്മയിൽ നിന്ന് വേദപുസ്തകങ്ങളും മത രീതികളും പഠിച്ചവളർന്ന അദ്ദേഹം, മതപണ്ഡിതന്മാരിൽ നിന്നും സൂഫി വര്യൻ മാരിൽ നിന്നും നീതിശാസ്ത്രവും ഹൃദ്യസ്ഥമാക്കി. കുതിരസവാരിയിലും ആയോധനകലകളിലും അദ്ദേഹം പ്രാവീണ്യം നേടി. രാമായണവും മഹാഭാരതവും അദ്ദേഹത്തിന് കാണാ പാഠമായിരുന്നു.

അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഡെക്കാൻ മേഖല നിസാം ഷാ ഭരിച്ചിരുന്ന അഹമ്മദ് നഗർ, ആദിൽ ഭരിച്ചിരുന്ന ബീജപൂർ, ഗോൾകൊണ്ട എന്നിങ്ങനെ മൂന്ന് നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു. ആദ്യകാലങ്ങളിൽ അഹമ്മദ് നഗറിനും ബീജാപൂർ നും തന്റെ പിന്തുണ അദ്ദേഹം നൽകിയിരുന്നുവെങ്കിലും സ്വരാജ്യം സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

കൗമാരം വിട്ടോഴിയാത്ത പതിനാറാം വയസ്സിലാണ് ശിവജി ആദ്യമായി യുദ്ധക്കളത്തിലേക്ക് ഇറങ്ങുന്നത്. ശിവജിക്കായി തങ്ങളുടെ ചങ്ക് പറിച്ചു നൽകാൻ തയ്യാറാകുന്നവരായിരുന്നു അദ്ദേഹത്തിന്റെ പടയാളികൾ. യാതൊരു പ്രതിഫലവും മനസ്സുകൊണ്ട് പോലും ആഗ്രഹിക്കാതെ അദ്ദേഹത്തിനായി പോരാടാൻ തയ്യാറാകുന്ന, അദ്ദേഹത്തിന്റെ സേനയുടെ പോരാട്ടവീര്യം സമകാലികരായ മറ്റു രാജകന്മാർക്കും എന്തിന് മുഗൾ ചക്രവർത്തിക്കു പോലും അസൂയ ഉളവാക്കുന്നതായിരുന്നു. ചരിത്രം പരിശോധിക്കുകയാണെങ്കിൽ ശിവജി ആദ്യമായി ആക്രമിച്ചത് ബീജാപൂർ രാജാവിന്റെ പാർട്ടിയിൽ വരുന്ന തോർണാ കോട്ടയായിരുന്നു.

1647 ആകുമ്പോഴേക്കും ദക്ഷിണ പൂനയുടെ സിംഹഭാഗവും ശിവജി തന്റെ പടയോട്ടത്തിൽ അദ്ദേഹത്തിന്റെ വരുതിയിലാക്കിയിരുന്നു.

ശിവജിയുടെയും സൈന്യത്തിന്റെയും മുന്നേറ്റം മറ്റ് രാജാക്കന്മാരെ അസൂയാലുക്കളുമാക്കുന്നു. ശിവജിയോട് നേരിട്ട് എതിർക്കുവാനുള്ള ധൈര്യമില്ലാത്തതിനാൽ ശിവജിയുടെ ദൗർബല്യത്തിൽ വച്ച് അദ്ദേഹത്തെ തളർത്തുവാൻ അവർ തീരുമാനിക്കുന്നു. സ്നേഹനിധികളായ തന്റെ മാതാപിതാക്കളായിരുന്നു ശിവജിയുടെ ദൗർബല്യം. അങ്ങനെ 1648 ജൂലൈ 25ന് ബീജപൂർ രാജാവായ മുഹമ്മദ് ആദിൽ ഷായുടെ ഉത്തരവിനെ തുടർന്ന് ശിവജിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് തടവിലാക്കുന്നു. ഇതോടെ ശിവജിയുടെ മുന്നേറ്റത്തിന് താൽക്കാലികമായെങ്കിലും തടയിടുവാൻ അവർക്ക് സാധിച്ചു.

തൊട്ടടുത്ത വർഷം 1649 ഷഹാജി മോചിതനായതോടെ നിർത്തിയിടത്തു നിന്ന് തുടങ്ങുവാൻ തന്റെ വിശ്വസ്തരായ പടയാളികൾക്കൊപ്പം അദ്ദേഹം പോർക്കളത്തിലേക്ക് ഇറങ്ങി. ശിവജിയുടെ നീക്കത്തിൽ അസ്വസ്ഥനായ ആദിൽഷ ശിവജിയെ കൊലപ്പെടുത്തി അദ്ദേഹത്തിന്റെ ഭീഷണി എന്നന്നേക്കുമായി ഇല്ലാതാക്കുവാൻ തീരുമാനിച്ചു. ഇതിനായി 1657ൽ നാൽപതിനായിരത്തിലധികം വരുന്ന ഒരു വമ്പൻ സൈനികവ്യൂഹത്തിനൊപ്പം തന്റെ ഇഷ്ട സൈനിക ജനറലായ അഫ്സൽ ഖാനെ ശിവജിയെ നേരിടാൻ ആദിൽ ഖാൻ അയക്കുന്നു.

ശിവജിയോടുള്ള അമർഷം അഫ്സൽ ഖാനും പടയാളികളും ആദ്യം തീർത്തത് ശിവജിയുടെ കുടുംബക്ഷേത്രമായ തുൽജാ ഭവാനി ക്ഷേത്രവും അന്നത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ വിദോഭാ ക്ഷേത്രവും തകർത്തു കൊണ്ടായിരുന്നു.

അഫ്സൽ ഖാന്റെ നേതൃപാടവും വമ്പൻ സൈനിക വ്യൂഹവും കണ്ട ശിവജിയുടെ സദസ്സിലെ രാജ്യതന്ത്രഞർ ശിവജിയോട് യുദ്ധത്തിൽ നിന്നും പിന്മാറുവാൻ ഉപദേശിച്ചു. എന്നാൽ പേടിച്ചു പിന്മാറുവാൻ ശിവജി തയ്യാറായിരുന്നില്ല.

എങ്കിലും അഫ്സൽ ഖാനും ശിവജിയും പിന്നീട് സൗഹൃദ സംഭാഷണത്തിന് തയ്യാറാകുന്നതാണ് ചരിത്രം പരിശോധിച്ചാൽ കാണാനാകുന്നത്. ഒപ്പം ഒരു വാളും ഒരു അനുയായി മാത്രമേ പാടുള്ളൂ എന്ന ചട്ടത്തിൻമേൽ പ്രതാപ് കോട്ടയിലായിരുന്നു ആ സൗഹൃദ സംഭാഷണം.

ശിവജിയെ കണ്ടു ഉടനെ അഫ്സൽ ഖാൻ മുന്നോട്ടുപോയി അദ്ദേഹത്തെ ആലിംഗനം ചെയ്തു. സൗഹൃദം സ്ഥാപിക്കുക എന്നതിന്റെ മറവിൽ കയ്യിലെ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് ശിവജി വക വരുത്തുക എന്നതായിരുന്നു അയാളുടെ ഉദ്ദേശം. അങ്ങനെ സമ്മർദ്ദമായി ഒളിപ്പിച്ച കത്തി അയാൾ ശിവജിയുടെ പുറകുവശത്ത് കുത്തിയിറക്കി. എന്നാൽ അഫ്സൽ ഖാന്റെ ചതി നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു ശിവജി തന്റെ കയ്യിൽ കരുതിയിരുന്ന പുലി നഖമെന്ന ആയുധം അഫ്സൽ ഖാന്റെ നെഞ്ച് തുളച്ച് അപ്പുറത്ത് എത്തിച്ചു. ഈ സംഭവത്തിൽ ചരിത്രകാരന്മാർ തമ്മിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നുണ്ട്. മറാത്ത ചരിത്രകാരന്മാർ, ചതി കാണിച്ചത് അഫ്സൽ ഖാൻ ആണെന്ന് പറയുമ്പോൾ മുഗളന്മാർ വാദിക്കുന്നത് ശിവജിയാണ് നിയമം തെറ്റിച്ചത് എന്നാണ്. പിന്നാലെ തന്റെ സൈനികർക്ക് അപായ സന്ദേശം നൽകി ശിവജി ആക്രമണം ആരംഭിച്ചു. യുദ്ധം അവസാനിച്ചപ്പോൾ മുപ്പതിനായിരം വരുന്ന ബീജാപൂർ സൈനികരുടെ ചോരകൊണ്ട് പ്രതാപ് കട്ടിലെ ആ യുദ്ധഭൂമിക്ക് രക്തവർണ്ണം കൈവന്നിരുന്നു. അഫ്സൽഖാന്റെ സൈന്യത്തിൽ ശേഷിച്ച പതിനായിരത്തിലധികം വരുന്ന സൈനികർ എങ്ങോട്ടൊന്നില്ലാതെ ചിതറി ഓടി.

ശിവജിയുടെ ഈ ചരിത്രവിജയം ഏറ്റവും കൂടുതൽ അസ്വസ്ഥനാക്കിയത് മുഗൾ ചക്രവർത്തിയായ ഔറംഗസീബിനെയായിരുന്നു. തനിക്കെതിരെയും ശിവജി തിരിയുമോ എന്ന ഭയമാണ് പിന്നീട് ചരിത്രം വാഴ്ത്തിയ ആ ചക്രവർത്തിയെ ഭയപ്പെടുത്തിയത്. ശിവജി സേനയുടെ കണ്ണുകൾ തന്റെ സാമ്രാജ്യത്തിലും പെടുമെന്ന് ഉറപ്പിച്ച ഔറംഗസീബ്, ഷാഹിസ്ഥ ഖാനെയും ഒരു കൂറ്റൻ പടയെയും ശിവജിയെ നേരിടാനയച്ചു. എന്നാൽ ഇത്തവണ ശിവജിക്ക് തോൽവി സമ്മതിക്കേണ്ടി വന്നു. പൂനയിൽ നിന്നും പൊരുതി നേടിയ മണ്ണിൽ നിന്നും ശിവജിക്ക് പിന്മാറേണ്ടി വന്നു. എന്നാൽ പിറന്ന നാടിനെ ശത്രുക്കൾക്ക് ഇട്ടു കൊടുക്കുവാൻ ശിവജി തയ്യാറായിരുന്നില്ല. തന്റെ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് ശിവജിയും സൈന്യവും തിരിച്ചടിച്ചു. ആ പോരാട്ടവീര്യത്തിന് മുന്നിൽ ഷാഹിസ്താ ഖാനും കൂട്ടരും ഓടി ഒളിച്ചു. പിന്നീട് നടന്ന മുന്നേറ്റത്തിലൂടെ നഷ്ടപ്പെട്ടതെല്ലാം ഓരോന്നായി അദ്ദേഹം തിരിച്ചു പിടിച്ചു. ഔറംഗസീബിന് നിരന്തരം വെല്ലുവിളി ഉയർത്തി അദ്ദേഹം ഒരിക്കൽ ഔരംഗശീബിന്റെ പിടിയിലായി. തന്റെ ഏറ്റവും വലിയ ശത്രുവിന് ഔരംഗശീബ് വിധിച്ചത് മരണ ശിക്ഷയായിരുന്നു. എന്നാൽ ഔറംഗസീബിന്റെ ദിവാ സ്വപ്നങ്ങളെ തച്ചു തകർത്തുകൊണ്ട് കോട്ടയിലേക്ക് പഴങ്ങൾ കൊണ്ടുവന്ന കുട്ടയിൽ കയറി അദ്ദേഹം ബുദ്ധിപൂർവ്വം രക്ഷപ്പെട്ടു.

പിന്നീട് ശിവജിയുടെ വളർച്ച റായ്ഘട്ട് കോട്ടയെ ആസ്ഥാനമാക്കിയായിരുന്നു. ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്തിരുന്ന ഈ കോട്ടയിൽ ഒന്ന് എത്തി നോക്കുക പോലും ശത്രുക്കൾക്ക് അപ്രാപ്യമായിരുന്നു. അന്നത്തെ ഹിന്ദുക്കൾക്കിടയിൽ ഉണ്ടായിരുന്ന തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും അദ്ദേഹം ഉന്മൂലനം ചെയ്തു. താഴ്ന്ന ജാതിക്കാരെ സൈന്യത്തിൽ എടുത്തു. അർഹിച്ചവർക്ക് ഉന്നത റാങ്കുകൾ നൽകി. നീതിപൂർവ്വമായ നിയമവ്യവസ്ഥ രാജ്യത്ത് സ്ഥാപിച്ചു. മതസ്ഥർക്കും അവരുടെ മതത്തിലും ദൈവങ്ങളിലും വിശ്വസിക്കുവാനുള്ള അനുവാദം നൽകി. ഔറംഗസീബ് നിർബന്ധിച്ചു മതപരിവർത്തനം നടത്തിയ ആളുകൾക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങി വരുവാൻ താല്പര്യമുണ്ടെങ്കിൽ അതിനുള്ള സൗകര്യവും അദ്ദേഹം ഒരുക്കി. മുസ്ലീങ്ങൾക്കും മുസ്ലിം പള്ളികൾക്കും അദ്ദേഹം സംരക്ഷണം നൽകി.ശിവാജിയുടെ വീക്ഷണങ്ങളില്‍ രാഷ്‌ട്രത്തിന്റെ ഉയര്‍ച്ച മാത്രമായിരുന്നു ലക്ഷ്യം. അധിനി വേശ ശക്തികള്‍ക്കെതിരെയുള്ള വെല്ലുവിളിയായി അദ്ദേഹത്തിന്റെ ഹിന്ദു സാമ്രാജ്യം ഉയർന്നു വന്നു .

സുതാര്യത, പങ്കാളിത്തം, ഉത്തരവാദിത്തം, നിയമവാഴ്ച എന്നീ ഘടകങ്ങളില്‍ അധിഷ്ഠിതമാണ് സദ്ഭരണമെന്ന് ശിവാജി പ്രഖ്യാപിച്ചു. ഔറംഗസീബിന്റെ കോട്ടകളില്‍ സ്വന്തം ബന്ധുക്കള്‍ തന്നെ ഉദ്യോഗസ്ഥരായപ്പോള്‍ അധികാര കേന്ദ്രങ്ങളില്‍ ശിവാജി ബന്ധുക്കളെ മാറ്റി നിര്‍ത്തി. കേവലം ഒരു രാഷ്‌ട്രതന്ത്രജ്ഞന്‍ എന്നതിലുപരി രാഷ്‌ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്‌ട്രമീമാംസകനായിരുന്നു ശിവാജി. അദ്ദേഹത്തിന് വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നു. ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്‌ട്രത്തിന്റെ അസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്.

മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം തുടങ്ങിയവയെപ്പോലെ സ്വന്തം വംശത്തിന്റെ പേരില്‍ അദ്ദേഹം സാമ്രാജ്യസ്ഥാപനം നടത്താതിരുന്നത് അതിനാലാണ്. സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തില്‍ ഭാരതത്തിലെ ഏറ്റവും മഹാനായ ഹിന്ദു ആയിരുന്നു ഛത്രപതി ശിവാജി. അഴിമതിയും രാജ്യദ്രോഹവും അദ്ദേഹം വച്ചു പൊറുപ്പിച്ചിരുന്നില്ല അടിമ ത്തത്തിന്റെ അവശിഷ്ടങ്ങളായി നിന്ന എല്ലാത്തിനേയും അദ്ദേഹം തിരസ്‌കരിച്ചു. അദ്ദേഹത്തിന്റെ സേനകളിൽ മുസ്ലീങ്ങളായ അനവധി സൈന്യാധിപന്മാർ ഉണ്ടായിരുന്നു. മറ്റുള്ള ഭരണാധികാരികളോട് മാത്രമേ അദ്ദേഹം യുദ്ധം ചെയ്തിട്ടുള്ളൂ. ഒരിക്കലും ഇതര മതസ്ഥരോട് അദ്ദേഹം ശത്രുത കാണിച്ചിട്ടില്ല. 1680 ൽ തന്റെ 50 ആം വയസിലാണ് അദ്ദേഹം അന്തരിക്കുന്നത്.

കാലചക്രം പിന്നെയും കറങ്ങിയപ്പോൾ താജ്മഹൽ പോലൊരു മഹാ സൗധം മറ്റാർക്കും പണിയരുതെന്ന ദുഷ്ട ലാക്കോടെ ശില്പിയുടെ കൈകൾ വെട്ടിയെറിഞ്ഞ ഷാജഹാനെപ്പോലുള്ള മുഗൾ ചക്രവർത്തിമാർ ചരിത്രത്തിൽ മഹാന്മാർ എന്ന ലേബലിൽ അവരോധിക്കപ്പെട്ടു. ഛത്രപതി ശിവജിയെപ്പോലുള്ള ധീരയോദ്ധാക്കൾ സമർഥമായി തഴയപ്പെട്ടു. സത്യത്തിൽ മുഗൾ ചക്രവർത്തിമാർക്ക് ലഭിക്കുന്നതിന്റെ പകുതി പരിഗണനയെങ്കിലും നമ്മുടെ പാഠപുസ്തകങ്ങളിൽ ശിവജിക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ചരിത്രം വേണ്ടത്ര പരിഗണന നൽകാതെ അവഗണിച്ചുവെങ്കിലും മഹാരാഷ്ട്രയിലെയും കർണ്ണാടകയിലെയും ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും അടങ്ങുന്ന ജനത ഈ നാനൂറ് വർഷങ്ങൾക്കിപ്പുറവും ശിവജിയെ ആരാധിക്കുന്നു. ഒരു പക്ഷെ ചരിത്രത്തിൽ നിന്ന് അദ്ദേഹത്തെ ഒളിപ്പിക്കാൻ നിങ്ങൾക്കായേക്കാം പക്ഷെ ജനങ്ങളുടെ മനസ്സിൽ ശിവജിയെന്ന വീര നായകന് മരണമില്ല .

Related Articles

Latest Articles