Monday, May 20, 2024
spot_img

അസം-മേഘാലയ അതിർത്തി പ്രശ്‌നം; ‘എല്ലാവരേയും സന്തോഷിപ്പിക്കാൻ കഴിയില്ല എന്നാൽ രാജ്യം സന്തുഷ്ടമാണെന്ന് ഉറപ്പാക്കണം’; അവശേഷിക്കുന്ന തർക്ക ഭൂമിയുടെ ചർച്ച ജൂണിലുണ്ടാകുമെന്ന് അറിയിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ഷില്ലോങ്: 50 വർഷമായുള്ള അതിർത്തി പ്രശ്‌നത്തിന് പരിഹാരമായി ഇതുമായി ബന്ധപ്പെട്ട കരാറിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ അസം-മേഘാലയ സർക്കാരുകൾ കരാറിൽ ഒപ്പുവെച്ചത് കഴിഞ്ഞ ദിവസമാണ്. ഇരുസംസ്ഥാനങ്ങളിലെയും അതിർത്തി പ്രദേശങ്ങളിലെ തർക്ക ഭൂമിക്കാണ് ഇതോടെ പരിഹാരമായത്. 12 സ്ഥലങ്ങളിൽ ആറിടത്തെ പ്രശ്‌നങ്ങൾക്ക് ഈ കരാറോട് തീരുമാനമായിരുന്നു. ശേഷിക്കുന്ന ആറ് സ്ഥലങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നതിന് രണ്ട് മാസത്തിനകം ചർച്ചകൾ ആരംഭിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ജൂൺ-ജൂലൈ മാസത്തോടെ ആരംഭിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഇരുവിഭാഗവും ഒപ്പുവച്ച കരാറിലെ ശുപാർശകൾ അനുസരിച്ച് സർവേ ഓഫ് ഇന്ത്യ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യവും ഹിമന്ത ബിശ്വ ശർമ അറിയിച്ചു. അതുകൊണ്ട് തന്നെ ഒപ്പുവെച്ച കരാർ പുനഃപരിശോധിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

‘എല്ലാവരേയും സന്തോഷിപ്പിക്കാൻ കഴിയില്ല എന്നാൽ രാജ്യം സന്തുഷ്ടമാണെന്ന് ഉറപ്പാക്കണം. എടുത്ത തീരുമാനങ്ങളിൽ എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ലെങ്കിലും അതിലടങ്ങിയിരിക്കുന്ന വലിയ നന്മ നാം പരിഗണിക്കേണ്ടതുണ്ട്.’- ഹിമന്ത ബിശ്വ ശർമ പറഞ്ഞു. നോർത്ത് ഈസ്റ്റേൺ പോലീസ് അക്കാദമിയുടെ ട്രെയിനി ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കാൻ മേഘാലയയിൽ എത്തിയപ്പോഴായിരുന്നു ശർമ്മയുടെ പ്രതികരണം.

അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും കഴിഞ്ഞ 50 വർഷമായുള്ള അതിർത്തി പ്രശ്‌നവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചത്. ഇതോടെ അസം-മേഘാലയ സംസ്ഥാനങ്ങൾ തമ്മിൽ 50 വർഷമായി നിലനിൽക്കുന്ന അതിർത്തി തർക്കത്തിന് പരിഹാരമായിരി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടാതെ, ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ആഭ്യന്തര മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും കരാർ ഒപ്പിടുന്ന വേളയിൽ ഉണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിൽ നടന്ന യോഗത്തിൽ മേഘാലയ സർക്കാരിന്റെ 11 പ്രതിനിധികളും അസം സർക്കാരിന്റെ ഒമ്പത് പ്രതിനിധികളും പങ്കെടുത്തു.

‘വടക്കുകിഴക്കൻ മേഖലയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ദിവസമാണ് ഇത്’- കരാർ ഒപ്പുവെച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടത്. 885 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി പ്രദേശമാണ് അസം മേഘാലയ സംസ്ഥാനങ്ങൾ പങ്കിടുന്നത്. പ്രധാനമായും 12 മേഖലകളിലായിരുന്നു അതിർത്തി തർക്കം നേരിട്ടിരുന്നത്. ഇവിടെ ദശാബ്ദങ്ങളായി നീണ്ടുനിന്നിരുന്ന തർക്കത്തിന് കരാർ ഒപ്പിട്ടതോടെ വിരാമമായി. 1971-ലെ അസം പുനഃസംഘടന നിയമത്തിന് കീഴിലായിരുന്നു മേഘാലയയെ അസമിൽ നിന്ന് വേർപ്പെടുത്തിയത്. ഇതിന് പിന്നാലെയായിരുന്നു അതിർത്തി പ്രശ്‌നങ്ങൾ ഉടലെടുത്തത്.

Related Articles

Latest Articles