കല്‍പ്പറ്റ : കേരളത്തെ നടുക്കിയ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുന്ന സൈന്യത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തഭൂമിയില്‍ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായും ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
“തത്കാലം ആളുകളെ ക്യാംപില്‍ താമസിപ്പിക്കും. പുനരധിവാസ പക്രിയ ഫലപ്രദമായി സ്വീകരിക്കും. നേരത്തെ സ്വീകരിച്ച അനുഭവം നമുക്കുണ്ട്. ക്യാംപ് കുറച്ചുനാള്‍ കൂടി തുടരും. ക്യാംപുകളില്‍ താമസിക്കുന്നത് വ്യത്യസ്ത കുടുംബങ്ങളിലുള്ളവരാണ്. ഓരോ കുടുംബത്തിനും ആ കുടുംബത്തിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കണം ക്യാംപ്. ക്യാംപിനകത്തേക്ക് ക്യാമറയുമായി മാദ്ധ്യമങ്ങൾ വരരുത്.
ആരെയെങ്കിലും കാണണമെങ്കില്‍ ക്യാംപിന് പുറത്തു വച്ച് മാദ്ധ്യമങ്ങള്‍ക്ക് കാണാം. ക്യാമ്പിനകത്ത് താമസിക്കുന്നവരെ കാണാന്‍ വരുന്നവര്‍ക്ക് അകത്തേക്ക് കയറാന്‍ അനുമതി ഉണ്ടാകില്ല. ക്യാംപിന് പുറത്ത് ഒരു റിസപ്ഷന്‍ ഉണ്ടാക്കും. ക്യാംപിനകത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ഉറപ്പാക്കും” – മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മുണ്ടക്കൈയിൽ നിന്നും ചൂരൽമലയിലേക്ക് സൈന്യം നിർമ്മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.ഉടൻ തന്നെ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകും. രക്ഷാപ്രവർത്തനം പൂർത്തിയായാലും പാലം പൊളിക്കില്ലെന്നും ജനങ്ങൾക്ക് സമർപ്പിക്കുകയാണെന്നും മേജർ ജനറൽ വി.ടി മാത്യു അറിയിച്ചു.
ഇന്നലെ സൈന്യത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പാലത്തിന്റെ നിർമ്മാണം രാത്രി വൈകിയും പുരോഗമിക്കുകയായിരുന്നു. അതിനാലാണ് ഇത്ര വേഗത്തിൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുന്നത്. അതേസമയം, പാലനിർമ്മാണം പൂർത്തിയാകുന്നതോടെ യന്ത്രസഹായത്തോടെ രക്ഷാപ്രവർത്തനം ദ്രുതഗതിയിലാകുമെന്ന് മേജർ ജനറൽ വി.ടി മാത്യു അറിയിച്ചു. ഭാരമേറിയ വാഹനങ്ങൾ പോലും കടന്ന് പോവാൻ കഴിയുന്നത്ര ബലത്തിലാണ് പാലം നിർമിക്കുന്നത്. പാലം പൂർത്തിയായാൽ ഉടനെ രണ്ടാം ഘട്ട രക്ഷാപ്രവർത്തനം ആരംഭിക്കും. സർക്കാർ സ്ഥിരമായ ഒരു പാലം നിർമ്മിക്കുന്നതുവരെ ഇവിടുത്തെ ജനങ്ങൾക്ക് ജനങ്ങൾക്ക് ബെയ്‌ലി പാലം സഞ്ചാരത്തിന് ഉപയോഗിക്കാമെന്നും മേജർ ജനറൽ അറിയിച്ചു.

