കൊച്ചി : കേരളീയം പരിപാടിയുടെ പേരിൽ കോടതിയിൽ ഹാജാരാകാത്തതിലും കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ മുടങ്ങിക്കിടക്കുന്നതിലും ചീഫ് സെക്രട്ടറിയെ അതി രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിങ്ങൾ ആഘോഷിക്കുമ്പോൾ ചിലർ ബുദ്ധിമുട്ടുകയാണെന്നും കേരളീയം പോലുള്ള ആഘോഷങ്ങൾക്കല്ല മനുഷ്യന്റെ ജീവിത പ്രശ്നങ്ങൾക്ക് സർക്കാർ പ്രാധാന്യം നൽകണമെന്നും തുറന്നടിച്ച കോടതി കെഎസ്ആർടിസി പെൻഷൻ കുടിശിക ഈ മാസം 30-നകം വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്നും ദൈനംദിനപ്രവർത്തനങ്ങൾക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്നുമാണ് ചീഫ് സെക്രട്ടറി കോടതിയിൽ വ്യക്തമാക്കിയത്. രണ്ടുമാസത്തെ കെഎസ്ആർടിസി പെൻഷൻ കുടിശ്ശിക നൽകാനുണ്ട്. ഒക്ടോബർ മാസത്തെ പെൻഷൻ നവംബർ 30-ന് അകം കൊടുത്തുതീർക്കാമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചപ്പോൾ നവംബർ മാസത്തെ പെൻഷൻ കൂടി നവംബർ 30-ന് അകം വിതരണം ചെയ്തിരിക്കണമെന്ന് കോടതി നിർദേശിച്ചു. അല്ലാത്ത പക്ഷം 30-ാം തീയതി വീണ്ടും കോടതിയിലേക്ക് വരൂ എന്നും ചീഫ് സെക്രട്ടറി വി. വേണുവിനോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

