തൊടുപുഴ: ഇടുക്കി തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ ഏഴുവയസ്സുകാരന്‍ നിലവില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലാണ്. കുട്ടിയെ മര്‍ദിച്ച രണ്ടാനച്ഛനെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ കഴിഞ്ഞദിവസംമുതല്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.
ബുധനാഴ്ച രാത്രിയോടെയാണ് ഏഴുവയസുകാരന് ക്രൂരമായി മര്‍ദനമേറ്റത്. മദ്യപിച്ചെത്തിയ യുവാവ് മൂത്തകുട്ടിയെ ക്രൂരമായി മര്‍ദിച്ചു. മൂന്നര വയസ്സുകാരനായ ഇളയകുട്ടി കരഞ്ഞ് ബഹളം വെച്ചതോടെ അതിനെയും മര്‍ദിച്ചു. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഏഴരവയസ്സുകാരനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. കുട്ടിയ്ക്ക് നിലവില്‍ കാഴ്ചശക്തിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
മാതാവിനൊപ്പമുള്ള യുവാവ് ചേട്ടനെയും തന്നെയും മര്‍ദിച്ചെന്ന് ഇളയകുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് മൊഴി നല്‍കി. ജേഷ്ഠനെ വടികൊണ്ട് തലയിലും മുഖത്തും കണ്ണിനും അടിച്ച് നിലത്തു വീഴിച്ചെന്നും ചോര വന്നുവെന്നും കുട്ടി പറഞ്ഞു. ഇതിന്റെയടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75-ാം വകുപ്പു പ്രകാരം കേസെടുക്കാന്‍ ആവശ്യപ്പെട്ട് തൊടുപുഴ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു.

