തൃശ്ശൂർ : സ്‌കൂളിലെ ഓണാഘോഷ പരിപാടികളിൽ ഇസ്ലാം മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്ന അദ്ധ്യാപകരുടെ ശബ്ദസന്ദേശം പുറത്തുവന്നത് വിവാദമാകുന്നു. പെരുമ്പിലാവിലെ സിറാജുൾ ഉലൂം ഇംഗ്ലീഷ് ഹൈസ്‌കൂളിലെ അദ്ധ്യാപകരാണ് രക്ഷിതാക്കൾക്ക് ഇത്തരത്തിൽ സന്ദേശമയച്ചത്. സമൂഹമാധ്യമങ്ങളിൽ ഇത് പ്രചരിച്ചതോടെ സ്കൂളിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു.
സ്‌കൂളിലെ രണ്ട് അദ്ധ്യാപകരാണ് രക്ഷിതാക്കൾക്ക് വാട്ട്‌സ്ആപ്പ് വഴി ശബ്ദസന്ദേശമയച്ചത്. ഓണാഘോഷം ഹിന്ദുക്കളുടെ ആചാരമാണ്, അതുകൊണ്ട് തന്നെ നമ്മുടെ കുട്ടികൾ അത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ പാടില്ല, ആഘോഷങ്ങളിൽ പങ്കുചേരാൻ പാടില്ല തുടങ്ങിയ കാര്യങ്ങളാണ് സന്ദേശത്തിലുള്ളത്.ശബ്ദസന്ദേശത്തില്‍ അദ്ധ്യാപിക പറയുന്നത് ഇങ്ങനെ; ഓണം എന്ന് പറയുന്നത് ഹിന്ദു മതസ്ഥരുടെ ആചാരമാണ്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഓണാഘോഷവുമായി ബന്ധപ്പെട്ട് നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള കാര്യങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. മറ്റ് മതസ്ഥരുടെ ആചാരങ്ങളെ നമ്മള്‍ ഒരുതരത്തിലും പങ്കുകൊള്ളാന്‍ പാടില്ല. ആഘോഷത്തില്‍ നമ്മളോ നമ്മുടെ മക്കളോ ആരുംതന്നെ പങ്കെടുക്കുന്നില്ല. വേഷവിധാനത്തിലാണെങ്കിലും മറ്റെന്ത് കാര്യത്തിലാണെങ്കിലും ആ ആചാരത്തോട് ഒരുവിധത്തിലും നമ്മള്‍ ഒത്തുപോകാന്‍ പാടില്ല. അത്തരം പ്രവൃത്തികള്‍ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാന്‍ നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കണം.
ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നതോടെ സ്‌കൂളിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
വിഷയത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. കൂടാതെ, സംഭവത്തിൽ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരും അറിയിച്ചു.
അതേസമയം, ശബ്ദസന്ദേശവുമായി സ്‌കൂളിന് യാതൊരു ബന്ധവുമില്ലെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. തന്റെ അറിവോടെയല്ല അദ്ധ്യാപകർ സന്ദേശമയച്ചതെന്നും, മുൻ നിശ്ചയിച്ച പ്രകാരം ഓണാഘോഷം ഏറ്റവും ഭംഗിയായി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

