Saturday, December 13, 2025

കോവിഡ് വ്യാപനത്തിൽ നട്ടംതിരിഞ്ഞ് ചൈന; ഫാക്ടറി ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ്; സാമ്പത്തിക മേഖല പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

ലോകത്ത് ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്തത് ചൈനയിലാണ് (Covid Spread In China). എന്നാൽ കോവിഡ് ഇതുവരെയും ഈ മഹാമാരിയുടെ വലയത്തിൽ നിന്നും രക്ഷപെപ്പെടാൻ കഴിഞ്ഞിട്ടില്ല. കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യമെന്നാണ്റിപ്പോർട്ട്. ചൈനയുടെ ഫാക്ടറി ഉല്‍പാദനത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ 23 മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വ്യാവസായിക ഉല്‍പാദന നിരക്കാണ് ചൈനയില്‍ ഈ മാസം രേഖപ്പെടുത്തിയത്. കോവിഡ് പ്രതിരോധത്തിനായുള്ള കര്‍ശന കണ്ടെയ്ന്‍മെന്റ് നടപടികളാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. മാനുഫാക്ചറിങ് പര്‍ചേഴ്‌സ് മാനേജേഴ്‌സ് ഇന്‍ഡക്‌സ്( പിഎംഐ) പ്രകാരമുള്ള വിലയിരുത്തലിലാണ് ഫാക്ടറി ഉല്‍പാദനത്തിലെ ഗണ്യമായ കുറവ് വെളിപ്പെട്ടത്.

ഫാക്ടറി ഉല്‍പാദനത്തില്‍ ഫെബ്രുവരി 2020ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഈ വര്‍ഷത്തിലെ ആദ്യ മാസത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരി വ്യാപിച്ച് ആദ്യഘട്ടത്തില്‍ത്തന്നെ ചൈനയില്‍ ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ചൈനീസ് സമ്പദ്‌വ്യവസ്ഥയെ ആകെ പിടിച്ചുകുലുക്കിയെന്നാണ് റിപ്പോര്‍ട്ട് തെളിയിക്കുന്നത്. വ്യാവസായിക ഉല്‍പാദനത്തിലെ ഈ കുറവിനെ മറികടക്കാന്‍ വരും ദിവസങ്ങളില്‍ ചൈനീസ് ഭരണകൂടം നയരൂപീകരണം നടത്തുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.

ചൈനയുടെ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നതിനും സാമ്പത്തിക വ്യവസ്ഥയിലേക്ക് കൂടുതല്‍ പണമെത്തിക്കുന്നതിനും വേണ്ടിയുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഉല്‍പാദനം കുറഞ്ഞതിനൊപ്പം തന്നെ ഡിമാന്റ് കുറഞ്ഞതും ചൈനീസ് സമ്പദ് വ്യവസ്ഥയെ താളം തെറ്റിക്കുന്നുണ്ട്. 2020 മുതല്‍ കയറ്റുമതിക്കുള്ള ഡിമാന്റ് കുറഞ്ഞത് ചൈന പോലൊരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തിൽ കനത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

Related Articles

Latest Articles