പെറുവിൽ ദിവസങ്ങൾക്കുമുമ്പ് അധികാരം ഏറ്റെടുത്ത പ്രസിഡൻ്റ് ജോസ് ജെറിക്കെതിരെ രാജ്യമെമ്പാടും കനത്ത പ്രതിഷേധം അലയടിക്കുന്നു. തലസ്ഥാനമായ ലിമയിൽ നടന്ന വ്യാപകമായ പ്രതിഷേധത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുകയാണ്.
പുതിയ പ്രധാനമന്ത്രി ഏണസ്റ്റോ അൽവാരസ് കഴിഞ്ഞ ദിവസം രാത്രി വൈകി നടത്തിയ പ്രസ്താവനയിൽ, വർധിച്ചുവരുന്ന അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിനായി ലിമയിൽ അടിയന്തരാവസ്ഥ ഉടൻ പ്രഖ്യാപിക്കുമെന്നും, ഇതിനായുള്ള ഒരു കൂട്ടം നടപടികൾ സർക്കാർ തയ്യാറാക്കുകയാണെന്നും അറിയിച്ചു.
മുൻ പ്രസിഡൻ്റ് ദിന ബൊളുവാർട്ടെയെ കഴിഞ്ഞ വ്യാഴാഴ്ച അർദ്ധരാത്രിയിൽ നാടകീയമായി പുറത്താക്കപ്പെട്ടതിനെത്തുടർന്നാണ് 38-കാരനായ ജോസ് ജെറി അധികാരത്തിലെത്തിയത്. ബുധനാഴ്ച രാത്രി നടന്ന ഈ പ്രക്ഷോഭം, അഴിമതിക്കും വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കുമെതിരെ യുവതലമുറക്കാർ ഗതാഗത തൊഴിലാളികൾ, പൗര സംഘടനകൾ എന്നിവർ ആഹ്വാനം ചെയ്ത പ്രതിഷേധ പരമ്പരയുടെ ഭാഗമാണ്.
രാജ്യത്തുടനീളം ആയിരക്കണക്കിന് പ്രക്ഷോഭകരാണ് അണിനിരന്നത്. ലിമയിൽ പാർലമെൻ്റ് മന്ദിരത്തിന് പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ, പ്രക്ഷോഭകർ പടക്കങ്ങൾ, കല്ലുകൾ, തീയിട്ട വസ്തുക്കൾ എന്നിവയെറിഞ്ഞാണ് തിരിച്ചടിച്ചത്.
പ്രതിഷേധത്തിനിടെ എഡ്വേർഡോ മൗറീഷ്യോ റൂയിസ് എന്ന 32-കാരൻ കൊല്ലപ്പെട്ടതായി രാജ്യത്തെ ഓംബുഡ്‌സ്മാൻ്റ് ഓഫീസിലെ പ്രതിനിധി ഫെർണാണ്ടോ ലോസാഡ സ്ഥിരീകരിച്ചു. റൂയിസ് വെടിയേറ്റാണ് മരിച്ചതെന്ന് പെറുവിൻ്റെ പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു.
ജെറിയുടെ ഭരണത്തിൻ്റെ ഭാവി എങ്ങനെയായിരിക്കും എന്നതിൻ്റെ സൂചനയാണ് ബുധനാഴ്ചത്തെ പ്രക്ഷോഭം നൽകുന്നത്. അടുത്ത ജൂലൈയിൽ നടക്കുന്ന തെരഞ്ഞെടുപ്പോടെ ജെറിയുടെ പ്രസിഡൻ്റ് കാലാവധി അവസാനിക്കും. കുറ്റകൃത്യങ്ങൾ തൻ്റെ പ്രധാന മുൻഗണനയാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, അഴിമതി ആരോപണങ്ങളും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് അവസാനിപ്പിച്ച ഒരു അന്വേഷണവും ഉൾപ്പെടെ നിരവധി വിവാദങ്ങൾ ജെറി നേരിട്ടിരുന്നു. ഈ കേസുകളിൽ അദ്ദേഹം കുറ്റം നിഷേധിക്കുകയും അഴിമതി അന്വേഷണങ്ങളുമായി സഹകരിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ജെറിയുടെ മുൻഗാമി ദിന ബൊളുവാർട്ടെയും 2022-ൻ്റെ അവസാനം അധികാരത്തിലെത്തിയ ശേഷം വ്യാപകമായ പ്രതിഷേധങ്ങൾ നേരിട്ടിരുന്നു.

