കൊച്ചി : ശബരിമല സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്. ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടെന്നും വിഷയം പുറത്തറിഞ്ഞ് ഹൈക്കോടതി ഇടപെട്ടതോടെ തുടർനടപടികൾ ചർച്ച ചെയ്തുകൊണ്ട് മൂന്നുപേരും ബെംഗളൂരുവിൽ വെച്ച് ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. 2025 ഒക്ടോബർ മാസത്തിൽ കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും പത്താം പ്രതിയായിട്ടുള്ള പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനും ബെംഗളൂരുവിൽ ഒത്തുചേർന്നുവെന്നാണ് എസ്ഐടി കണ്ടെത്തിയത്. മൂന്നുപേരുടേയും മൊബൈൽ ടവർ ലൊക്കേഷൻ മുൻ നിർത്തിയാണ് എസ്ഐടിയുടെ കണ്ടെത്തൽ.
കഴിഞ്ഞവർഷം ഒക്ടോബറിലാണ് ശബരിമല സ്വർണക്കടത്തു കേസ് ഹൈക്കോടതിയുടെ മുമ്പിലെത്തിയത്. തട്ടിപ്പ് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് കോടതിയുടെ കർശന ഇടപെടൽ ഉണ്ടായത്. . കട്ടിളപ്പാളിയിൽനിന്ന് 409 ഗ്രാം സ്വർണമാണ് സ്മാർട് ക്രിയേഷൻസിൽ വെച്ച് ശങ്കർ എന്ന വിദഗ്ധൻ വേർതിരിച്ചെടുത്തത്. ഇതിനുശേഷം ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന്റെ കൈയിൽ സ്വർണമെത്തുകയായിരുന്നു.

