പെരുന്ന: സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ വിഭാവനം ചെയ്ത നിലപാടിൽ നിന്നും എൻ എസ് എസ് നേതൃത്വം വ്യതിചലിക്കുകയാണെന്നും സംഘടനയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലയില്ലെന്നും ആരോപിച്ച കലഞ്ഞൂർ മധു ഡയറക്ടർ ബോർഡിൽ നിന്ന് പുറത്തായി. ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് സ്ഥാനനഷ്ടം.പകരം കെബി ഗണേഷ് കുമാര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാകും. ഇതോടെ സംഘടനയിൽ രൂക്ഷമായ അഭിപ്രായ വിത്യാസം മറനീക്കി പുറത്തുവന്നു. മധു 26 വര്‍ഷമായി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.
ഇന്ന് മധുവിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നീക്കം ചെയ്യാന്‍ ജനറല്‍ സെക്രട്ടറി തീരുമാനിച്ചതിനു പിന്നാലെ 300 അംഗ പ്രതിനിധി സഭയില്‍ നിന്ന് ആറു പേര്‍ ഇറങ്ങിപ്പോയി. കലഞ്ഞൂര്‍ മധു, പ്രശാന്ത് പി കുമാര്‍, മാനപ്പള്ളി മോഹന്‍ കുമാര്‍, വിജയകുമാരന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, അനില്‍കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. കുറച്ചു നാള്‍ മുമ്പ് എന്‍എസ്എസ് രജിസ്ട്രാര്‍ ആയിരുന്ന ടി എന്‍ സുരേഷിനോടും രാജി ചോദിച്ചു വാങ്ങിയിരുന്നു. അതേസമയം സംഘടനയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് എന്‍ എസ് എസ് നേതൃത്വം വ്യക്തമാക്കി. ബജറ്റും ഡയറക്ടര്‍ ബോര്‍ഡ് യോഗവും സുഗമമായി നടക്കുന്നെന്നും നേതൃത്വം വിശദീകരിച്ചു.

