റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 10 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് അതിർത്തി സുരക്ഷാ സേന. ഛത്തീസ്ഗഡിലെ ബിജാപൂരിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യ വിവരത്തെ തുടർന്ന് അതിർത്തി സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഭീകരരുടെ ഒളിത്താവളങ്ങളിൽ നിന്നും നിരവധി മാരകായുധങ്ങളും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. ജില്ലാ റിസർവ് ഗ്രൂപ്പ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, കോബ്ര, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് എന്നിവരുടെ സംയുക്ത സംഘമാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. വനാതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ നടത്തിയത്. തുടർന്ന് സേനയെ കണ്ടതോടെ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ഈ വർഷം ഇതുവരെ 47 കമ്യൂണിസ്റ്റ് ഭീകരരാണ് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 27-ന് ബിജാപൂരിൽ അതിർത്തി സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിലുള്ള ഏറ്റമുട്ടലിൽ ആറ് ഭീകരർ കൊല്ലപ്പെട്ടിരുന്നു.

