Thursday, May 16, 2024
spot_img

‘കൊല്ലണമെന്ന ഉദ്ദേശത്തോടെ പിന്നിൽ നിന്ന് രണ്ട് കൈകൾകൊണ്ടും ടിടിഇയെ തള്ളി’; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി, എഫ്ഐആർ റിപ്പോർട്ട് പുറത്ത്

തൃശ്ശൂർ: വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. എറണാകുളം സ്വദേശിയായ ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതിയായ ഒഡീഷ സ്വദേശി രജനീകാന്ത തള്ളിയിട്ടതെന്ന് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്കാണ് എറണാകുളം-പട്ന എക്സ്പ്രസിൽ ക്രൂര കൊലപാതകം നടന്നത്. ടിക്കറ്റ് ചോദിച്ചതിന്‍റെ പകയിലാണ് അന്യസംസ്ഥാന തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതെന്ന് പോലീസ് വ്യക്തമാക്കി.

തൃശ്ശൂരിൽ നിന്ന് കയറിയ പ്രതിയോട് ടിടിഇ ടിക്കറ്റ് ചോദിച്ചത് മുളങ്കുന്നത്ത്കാവ് റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാണ്. ട്രെയിനിന്‍റെ 11-ാമത് കോച്ചിന്റെ പിന്നിൽ വലതു ഡോറിന് സമീപത്ത് നിൽക്കുകയായിരുന്ന ടിടിഇയെ പ്രതി പിന്നിൽ നിന്ന് രണ്ടു കൈകൾ കൊണ്ടും തള്ളിയിട്ടുവെന്നും എഫ്ഐആറിൽ പറയുന്നു. ഐപിസി 302 വകുപ്പ് ചുമത്തിയാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.

ജനറല്‍ ടിക്കറ്റുമായി റിസര്‍വ് കോച്ചില്‍ കയറിയതിന് ആയിരം രൂപ പിഴയീടാക്കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇയെ താന്‍ ട്രെയിനിന്റെ പുറത്തേക്ക് തള്ളിയിട്ടതെന്നാണ് പ്രതി രജനീകാന്ത പോലീസിനോട് പറഞ്ഞത്. തന്റെ കൈയില്‍ പണമില്ലായിരുന്നുവെന്നും പിഴ നല്‍കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇ വിനോദിനെ പുറത്തേക്ക് ചവിട്ടിയിട്ടതെന്നാണ് രജനീകാന്ത പറയുന്നത്. വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. വെളപ്പായ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോച്ചിലെ യാത്രക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പാലക്കാട് നിന്നാണ് പ്രതിയെ റെയില്‍വേ പോലീസ് പിടികൂടിയത്.

Related Articles

Latest Articles