Sunday, May 19, 2024
spot_img

സഹപാഠി നൽകിയ ആസിഡ് കലർത്തിയ ജ്യൂസ് കുടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ;
ഇരു വൃക്കകളും തകരാറിൽ

തിരുവനന്തപുരം : സഹപാഠി നൽകിയ ആസിഡ് കലർത്തിയ ജ്യൂസ് കുടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി
ഗുരുതരാവസ്ഥയിൽ. കന്യകുമാരി ജില്ലയിൽ കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിലിന്റെയും സോഫിയയുടെയും മകൻ അശ്വിനാണ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.കുട്ടിയുടെ ഇരു വൃക്കകളും തകരാറിലായ നിലയിലാണ്. കൂടാതെ ആന്തരികാവയവങ്ങൾക്കും പൊള്ളലേറ്റിട്ടുണ്ട്.

കഴിഞ്ഞ 24 ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അതംകോട് മായാകൃഷ്ണ സ്വാമി വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ.പരീക്ഷ കഴിഞ്ഞ് ശുചിമുറിയിൽ പോയി മടങ്ങവേ സഹപാഠിയായ വിദ്യാർത്ഥി അശ്വിന് ജ്യൂസ് നൽകുകയായിരുന്നു. ഇത് കുടിച്ചപ്പോൾ രുചിവ്യത്യാസം തോന്നിയതിനാൽ കുറച്ച് മാത്രമേ കുടിച്ചുള്ളൂ എന്ന് അശ്വിൻ പറഞ്ഞു.

അടുത്ത ദിവസം അശ്വിന് കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതിനുശേഷം കടുത്ത വയറുവേദനയും, ഛർദ്ദിയും, ശ്വാസംമുട്ടലും അനുഭവപ്പെട്ട കുട്ടിയെ അടുത്ത ദിവസം തന്നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ഇരു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തി.വിശദ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ ആസിഡിന്റെ സാന്നിദ്ധ്യവും കണ്ടെത്തി. നിലവിൽ ഡയാലിസിസ് നടത്തിയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. അശ്വിന്റെ അന്നനാളത്തിനും വൻകുടലിനും പൊള്ളലേറ്റിട്ടുണ്ട്.

അശ്വിന്റെ ക്ലാസിലുള്ളവരല്ല ഇത് ചെയ്തത് എന്നും, എന്നാൽ സ്‌കൂളിൽ പഠിക്കുന്ന മറ്റൊരു വിദ്യാർത്ഥിയാണെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Previous article
Next article

Related Articles

Latest Articles