Tuesday, January 6, 2026

നിലവിലെ വഖഫ് നിയമത്തിലുള്ളത് ഭരണഘടനാ വിരുദ്ധവും അന്യായവുമായ വകുപ്പുകൾ; ഭേദഗതി ബിൽ പാർലമെന്റിൽ ചർച്ചയ്ക്ക് വരുമ്പോൾ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് കേരളത്തിലെ എം പിമാരോട് ആവശ്യപ്പെട്ട് കർദിനാൾ ക്‌ളീമീസ് കാതോലിക്ക ബാവ

കൊച്ചി: വഖഫ് നിയമ ഭേദഗതി ബിൽ ചർച്ചയ്ക്ക് വരുമ്പോൾ പാർലമെന്റിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് കേരളത്തിലെ എം പിമാരോട് ആവശ്യപ്പെട്ട് കർദിനാൾ ക്‌ളീമീസ് കാതോലിക്ക ബാവ. നിലവിലെ നിയമത്തിലുള്ളത് ഭരണഘടനാ വിരുദ്ധവും അന്യായവുമായ വകുപ്പുകളാണെന്നും. അത് ഭേദഗതി ചെയ്യാൻ ജനപ്രതിനിധികൾ കേന്ദ്ര സർക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ സി ബി സി പ്രസിഡന്റുകൂടിയാണ് കർദിനാൾ ക്‌ളീമീസ് കാതോലിക്ക ബാവ.

മുനമ്പത്തെ ജനങ്ങൾ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിക്ക് മേലുള്ള റവന്യൂ അവകാശങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്ത വിധം ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യണം. മുനമ്പത്തെ ജനങ്ങൾക്ക് ഭൂമി വിറ്റ ഫറൂഖ് കോളേജ് തന്നെ പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എതിർ വാദം ഉന്നയിക്കത്തക്കവിധമുള്ള വകുപ്പുകൾ വഖഫ് നിയമത്തിൽ ഉള്ളത് ഭേദഗതി ചെയ്യാൻ ജനപ്രതിനിധികൾ സഹകരിക്കണം’ – കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു.

അറുനൂറോളം കുടുംബങ്ങളാണ് മുനമ്പത്ത് വഖഫ് അധിനിവേശം കാരണം കുടിയിറക്കൽ ഭീഷണി നേരിടുന്നത്. തങ്ങളുടെ ഭൂമിയിന്മേലുള്ള റവന്യു അധികാരങ്ങൾ പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അവർ കഴിഞ്ഞ 150 ദിവസത്തിലേറെയായി സമരത്തിലാണ്. വഖഫ് നിയമം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്‌താൽ മാത്രമേ മുനമ്പത്തെ ജനങ്ങൾക്ക് നീതി ലഭിക്കൂ എന്നിരിക്കെ സംസ്ഥാന നിയമസഭ ഭേദഗതിക്കെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കിയ സാഹചര്യത്തിലാണ് ക്രിസ്ത്യൻ സഭകളുടെ പ്രതികരണം

Related Articles

Latest Articles