Monday, May 20, 2024
spot_img

കാലാവസ്ഥാ വ്യതിയാനം: അന്താരാഷ്ട്ര തലത്തില്‍ ഇനി ചര്‍ച്ച ചെയ്യേണ്ട സമയമല്ല, നടപടി എടുക്കേണ്ടതിലേക്ക് എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂയോര്‍ക്ക് : കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ലോകം ആവശ്യമുള്ളതു ചെയ്യുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎന്നിന്റെ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം അറിയിച്ചത്. ലോകം ഇന്ന് ഗുരുതരമായ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.

കാലാവസ്ഥാ സംരക്ഷണത്തിനായി രാജ്യാന്തര തലത്തിലുള്ള നിലപാട് മാറ്റമാണ് ആവശ്യം. നിലവില്‍ ലോകം നേരിടുന്ന വെല്ലുവിളികള്‍ തന്നെ നമ്മളിപ്പോള്‍ ചെയ്യുന്നത് മതിയായതല്ലെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ്. എന്നാല്‍ ഇന്ത്യ യുഎന്‍ ഉച്ചകോടിയില്‍ വന്നിരിക്കുന്നത് വെറുതെ സംസാരിക്കാന്‍ മാത്രമല്ല. അതിന്റെ റോഡ് മാപ് അവതരിപ്പിക്കാന്‍ കൂടിയാണ്. പെട്രോളിയം ഇതര ഇന്ധനത്തിന്‍റെ ഉപയോഗം ഇന്ത്യ വര്‍ധിപ്പിക്കും.

2022 ഓടെ പാരമ്പര്യേതര ഊര്‍ജത്തിന്‍റെ ശേഷി 175 ജിഗാവാട്‌സ് ആക്കും. അതിനുശേഷം 450 ജിഗാവാട്‌സ് ആക്കി ഉയര്‍ത്തും. വിഷയത്തില്‍ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട സമയം അതിജീവിച്ചിരിക്കുന്നു. ലോക രാഷ്ട്രങ്ങള്‍ നടപടിയെടുക്കേണ്ട സമയത്തിലേക്ക് എത്തിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വേദിയിലിരുത്തിയായിരുന്നു നരേന്ദ്ര മോദിയുടെ വാക്കുകള്‍.

പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്നു 2017ല്‍ യുഎസ് പിന്മാറിയിരുന്നു. ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളെ കുറ്റപ്പെടുത്തിയായിരുന്നു ആഗോള താപനം നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള ഉടമ്പടിയില്‍നിന്നു ട്രംപ് പിന്മാറിയത്. പാരീസ് ഉടമ്പടി ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി ഉണ്ടാക്കിയതാണെന്നായിരുന്നു ട്രംപിന്‍റെ വാദം.

Related Articles

Latest Articles