ചെന്നൈ: സിന്തറ്റിക് മയക്കുമരുന്ന് (മെത്താംഫെറ്റാമിൻ) നിർമ്മിക്കാൻ അനധികൃത ലാബ് സ്ഥാപിച്ചതിന്നു ഏഴ് കോളേജ് വിദ്യാർത്ഥികളെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആൻറി ഡ്രഗ് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ റെയ്ഡിലാണ് 250 ഗ്രാം ക്രിസ്റ്റൽ മെത്ത് കണ്ടെത്തിയത്.
അറസ്റ്റിലായവരിൽ ഫ്ലെമിംഗ് ഫ്രാൻസിസ്, നവീൻ, പ്രവീൺ പ്രണവ്, കിഷോർ, ജ്ഞാനപാണ്ഡ്യൻ, അരുൺ കുമാർ, ധനുഷ് എന്നിവരുള്‍പ്പെടുന്നു.
നേരത്തേ തമിഴ്‌നാട് ഗവർണർ ആർഎൻ രവി സിന്തറ്റിക് മയക്കുമരുന്നുകളുടെ വ്യാപനം തടയുന്നതിൽ സംസ്ഥാനത്തിൻ്റെ ശ്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മയക്കുമരുന്ന് കടത്തിനെതിരെ സംസ്ഥാനത്തിന്റെ നടപടി കാര്യക്ഷമമല്ല എന്നതിലും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മയക്കുമരുന്ന് അടിമയാകരുതെന്ന് യുവാക്കളോട് ആഹ്വാനം ചെയ്ത വീഡിയോ സന്ദേശവും പുറത്ത് വിട്ടിരുന്നു. “ഒരു കുടുംബാംഗം എന്ന നിലയിലും പിതാവിന്റെ സ്ഥാനത്ത് നിന്നുമാണ് ഞാൻ നിങ്ങളോട് മയക്കുമരുന്നിന് ഇരയാകരുതെന്ന് അഭ്യർത്ഥിക്കുന്നത്,” എന്ന് സ്റ്റാലിൻ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

