Tuesday, December 16, 2025

ലണ്ടന്റെ മണ്ണിൽ ഇനി ഗുരുവായൂരപ്പന്റെ ചൈതന്യവും!ലണ്ടനിലെ ശ്രീ ഗുരുവായൂരപ്പ ക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾക്ക് സമാരംഭം ; ലണ്ടനിൽ ക്ഷേത്രമുയരുന്നത് ഗുരുവായൂരിലെ ക്ഷേത്ര മാതൃകയിൽ

മോഹൻജി ഫൗണ്ടേഷനുമായി കൈകോർത്ത് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ശ്രീ ഗുരുവായൂരപ്പ ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിനാവശ്യമായ ധനശേഖരണത്തിൻറെ തുടക്കവും ബ്രോഷർ പ്രകാശനവും സെപ്റ്റംബർ 17 ന് മാരിയറ്റ് ഹീത്രൂ വിൻഡ്‌സർ, ലാംഗ്ലി യിൽ വച്ച് നടന്നു.

വൈകുന്നേരം മൂന്നരയോടെ ആരംഭിച്ച പ്രൗഢ ഗംഭീരമായ ചടങ്ങിൽ ബ്രഹ്മശ്രീ മോഹൻജി ബ്രോഷർ പ്രകാശനം ചെയ്തു. ക്ഷണിക്കപ്പെട്ട അതിഥികളായി സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു. ശ്രീ ഗുരുവായൂരപ്പൻ്റെ നാമമന്ത്രങ്ങളാൽ മുഖരിതമായ സമൂഹ നാമജപത്തോടെയാണ് ബ്രോഷർ പ്രകാശനം നടന്നത്.

നേരത്തെ സെപ്റ്റംബർ 5 ന് ഗുരുവായൂർ ക്ഷേത്ര നടയിൽ നടന്ന ലളിതമായ ചടങ്ങിൽ ലണ്ടൻ ഗുരുവായൂരപ്പ ക്ഷേത്ര നിർമാണത്തിന്റെ ബ്രോഷർ ഗുരുവായൂർ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ഡോ. ദിനേശൻ നമ്പൂതിരിപ്പാട് പ്രകാശനം ചെയ്തിരുന്നു.

ഗുരുവായൂരിലെ ക്ഷേത്ര മാതൃകയിലാണ് ലണ്ടനിൽ ഗുരുവായൂരപ്പ ക്ഷേത്രം പണികഴിക്കുവാൻ ഒരുങ്ങുന്നത്. ക്ഷേത്ര സാക്ഷാത്കാരത്തിനായി എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദി ഭാരവാഹികൾ അറിയിച്ചു.

അതെ സമയം ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമിഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷത്തിന് സെപ്റ്റംബർ 30 ന് വെസ്റ്റ് തോൺട്ടൻ കമ്മ്യൂണിറ്റി സെൻറ്ററിൽ കൊടിയേറും.

വൈകുന്നേരം ആറുമണിയോട് കൂടി ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ മാവേലി എഴുന്നള്ളത്ത്‌, ഓണപ്പാട്ട്, അനുഗ്രഹീത കലാകാരി ഡോ. പ്രിയങ്കാ നായരുടെ നേതൃത്വത്തിൽ നൃത്ത ശിൽപ്പം, ഗാനാർച്ചന, LHA ടീമിൻ്റെ തിരുവാതിരകളി, സുപ്രസിദ്ധ വാദ്യകലാകാരൻ വിനോദ് നവധാരയും സംഘവും അവതരിപ്പിക്കുന്ന ലയവിന്യാസം, ദീപാരാധന, ഓണസദ്യ തുടങ്ങിയവ കാഴ്ചക്കാരെയും പങ്കെടുക്കുന്നവരെയും ഗൃഹാതുരത്വത്തിലെത്തിക്കും.

പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്ക് സുരേഷ് ബാബു : 07828137478, സുബാഷ് ശാർക്കര : 07519135993, ജയകുമാർ : 07515918523, ഗീതാ ഹരി : 07789776536 എന്നിവരെ ബന്ധപ്പെടാവുന്നതാണ്. info@londonhinduaikyavedi.org എന്ന ഇ മെയിൽ ഐഡിയിലും സംശയ നിവാരണം നടത്താവുന്നതാണ്.

Related Articles

Latest Articles