കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു. ധനുഷയിലെ മസ്ജിദ് തകർക്കപ്പെട്ടതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധങ്ങൾ അക്രമാസക്തമായ സാഹചര്യത്തിൽ, ദക്ഷിണ നേപ്പാളിലെ ബിർഗഞ്ച് നഗരത്തിൽ പ്രാദേശിക ഭരണകൂടം കർഫ്യൂ ഏർപ്പെടുത്തി. സ്ഥിതിഗതികൾ വഷളായതോടെ ഇന്ത്യ നേപ്പാൾ അതിർത്തി പൂർണ്ണമായും അടച്ചു. അതിർത്തി കടന്നുള്ള ഗതാഗതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ബിർഗഞ്ചിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂ നീട്ടി. നിരോധനാജ്ഞ നിലനിൽക്കെ ഇരുവിഭാഗങ്ങളും പ്രതിഷേധവുമായി തെരുവിലിറങ്ങിയതാണ് കർഫ്യൂ നീട്ടാൻ കാരണം. ബസ് പാർക്ക്, നഗ്വാ, ഇനാർവ, ഗന്ദക് ചൗക്ക് തുടങ്ങിയ പ്രധാന മേഖലകൾ കർഫ്യൂ പരിധിയിലാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടാലുടൻ വെടിവയ്ക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങേണ്ടവർ തൊട്ടടുത്ത സുരക്ഷാ ഉദ്യോഗസ്ഥരുമായോ കൺട്രോൾ റൂമുമായോ ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ധനുഷയിലെ ജനക്പൂരിൽ രണ്ട് യുവാക്കൾ ടിക്‌ടോക്കിൽ പങ്കുവെച്ച വീഡിയോ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണമാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. വീഡിയോ പങ്കുവെച്ച ഹൈദർ അൻസാരി, അമാനത് അൻസാരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ കമല മുനിസിപ്പാലിറ്റിയിലെ ഒരു മസ്ജിദ് ഒരു സംഘം ആളുകൾ തകർത്തു. ഇതോടെ മുസ്ലീം വിഭാഗം പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. ബിർഗഞ്ചിൽ പ്രകടനക്കാർക്ക് നേരെ പോലീസ് അഞ്ച് റൗണ്ട് കണ്ണീർവാതകം പ്രയോഗിച്ചു. കല്ലേറിലും സംഘർഷത്തിലുമായി ഏഴ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിച്ചു വരികയാണെന്നും വർഗീയമായ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പാർസ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. നിലവിൽ മധേഷ് പ്രവിശ്യയിലെ എട്ട് ജില്ലകളിലും അതീവ ജാഗ്രത തുടരുകയാണ്.

