ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഓർബിറ്ററും ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ലാൻഡർ മൊഡ്യളും തമ്മിൽ ആശയവിനിമയ ബന്ധം സ്ഥാപിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ 3 ദൗത്യത്തിലെ ലാൻഡർ അയയ്ക്കുന്ന സന്ദേശങ്ങളും പരിശോധനാ ഫലങ്ങളും ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഓർബിറ്റർ വഴിയായിരിക്കും ഭൂമിയിലെ കൺട്രോൾ സെന്ററിലെത്തുക. ഇതു പോലെ ഭൂമിയിൽ നിന്ന് ലാൻഡറിലേക്ക് അയയ്ക്കുന്ന സന്ദേശങ്ങൾ കൈമാറുന്നതിലും ഓർബിറ്ററിനു നിർണായക പങ്കുണ്ട്. രണ്ടാം ദൗത്യത്തിന്റെ ഓർബിറ്റർ തന്നെ മൂന്നാം ദൗത്യത്തിലും വിജയകരമായി ഉപയോഗിക്കാൻ സാധിക്കുന്നതും വലിയ നേട്ടമാണ്.
രണ്ടാമത്തേതും അവസാനത്തേതുമായ ഡീബൂസ്റ്റിംഗ് പൂർത്തിയാക്കി ഒരു ദിനം മാത്രം പിന്നീടവെയാണ് ചന്ദ്രയാൻ -3 ന്റെ ലാൻഡർ മൊഡ്യൂൾ ചന്ദ്രനുചുറ്റും നിലവിലുള്ള ചന്ദ്രയാൻ -2 ന്റെ ഓർബിറ്ററുമായി ആശയവിനിമയം വിജയകരമായി സ്ഥാപിച്ചത്. ചന്ദ്രനോട് ഏറ്റവും അടുത്ത ദൂരം 25 കിലോമീറ്ററും ഏറ്റവും കൂടിയ ദൂരം 134 കിലോമീറ്ററുമായ ഭ്രമണപഥത്തിലാണ് ചാന്ദ്രയാൻ 3 പേടകം നിലവിലുള്ളത്.
Chandrayaan-3 Mission:
‘Welcome, buddy!’
Ch-2 orbiter formally welcomed Ch-3 LM.Two-way communication between the two is established.
MOX has now more routes to reach the LM.
Update: Live telecast of Landing event begins at 17:20 Hrs. IST.#Chandrayaan_3 #Ch3
— ISRO (@isro) August 21, 2023
നാല് വർഷങ്ങൾക്ക് മുമ്പ് 2019 ലാണ് ചന്ദ്രയാൻ -2 ദൗത്യം വിക്ഷേപിക്കപ്പെട്ടത്. പേടകത്തിന്റെ ലാൻഡർ ‘വിക്രം’ 2019 സെപ്റ്റംബർ 7 ന് സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിക്കുന്നതിനിടെ ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയതോടെയാണ് ദൗത്യം പൂർണ്ണ രീതിയിൽ വിജയിക്കാൻ സാധിക്കാതെ വന്നത്. ലാൻഡിങ്ങിനായുള്ള യാത്രയുടെ അവസാന ഭാഗത്ത് (5 കിലോമീറ്റർ മുതൽ 400 മീറ്റർ വരെ ഉയരത്തിൽ) “ഫൈൻ ബ്രേക്കിംഗ് ഘട്ടത്തിൽ വന്ന പിഴവാണ് അന്ന് തിരിച്ചടിയായത്.

