Sunday, June 9, 2024
spot_img

മന്ത്രിമാർക്കു പിന്നാലെ ഗവർണറെ കണ്ട് ചീഫ് സെക്രട്ടറി; ഗവർണറുമായുള്ള ശീതസമരത്തിന്റെ കാഠിന്യം കുറയ്ക്കാനുള്ള സർക്കാർ ശ്രമത്തിന് പിന്നിലെന്ത് ? ലക്ഷ്യം മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ നിയമനമോ ?

തിരുവനന്തപുരം : മന്ത്രിമാർ നേരിട്ടെത്തി ഓണക്കോടി നൽകി ഓണാഘോഷത്തിനു മുഖ്യാതിഥിയായി ക്ഷണിച്ചതിനു പിന്നാലെ സർക്കാരും ഗവർണറും തമ്മിലുള്ള ശീതസമരത്തിന്റെ കാഠിന്യം കുറയുകയാണ് എന്നതിന് ശക്തമായ സൂചനകൾ നൽകിക്കൊണ്ട് ചീഫ് സെക്രട്ടറി വി.വേണു ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി എന്നാണ് ലഭിക്കുന്ന വിവരം. സർക്കാരിനെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന മിത്ത് വിവാദവും മാസപ്പടി വിവാദവും കെട്ടടങ്ങുന്നത് വരെയെങ്കിലും ഗവർണറുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണു സർക്കാർ ആലോചിക്കുന്നത്.

പിഎസ്‌സി അംഗങ്ങളായി സർക്കാർ ശുപാർശ ചെയ്ത രണ്ടുപേരുടെ നിയമനം പരാതികളെ തുടർന്നു ഗവർണർ അംഗീകരിച്ചിട്ടില്ല. ലോകായുക്ത നിയമഭേദഗതി, ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കിക്കൊണ്ടുള്ള സർവകലാശാല നിയമ ഭേദഗതി തുടങ്ങി നിയമസഭ പാസാക്കിയ ആറു ബില്ലുകളിൽ ഗവർണർ ഇതേവരെ ഒപ്പ് വച്ചിട്ടില്ല. ചാൻസലർ പദവിയിൽനിന്നും ഗവർണറെ നീക്കികൊണ്ടുള്ള നിയമഭേദഗതിയിൽ ഗവർണർ ഒപ്പുവച്ചില്ലെങ്കിലും, കേരള സർവകലാശാല ഒഴികെയുള്ള സർവകലാശാലകളിൽ സർക്കാരിനു താൽപര്യമുള്ള താൽക്കാലിക വിസിമാരെ നിയമിച്ചത് സർക്കാരിന് ആശ്വാസം നൽകുന്നുണ്ട്. കേരള, കാലിക്കറ്റ് സർവകലാശാല സെനറ്റുകളിലേയ്ക്ക് 16 പേരെ വീതം ഗവർണർ നേരിട്ട് നാമനിർദേശം ചെയ്യണം. മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കാൻ ഓഗസ്റ്റ് 9ന് തീരുമാനിച്ചെങ്കിലും നിയമനം സംബന്ധിച്ച ഫയൽ സർക്കാർ ഗവർണർക്കു സമർപ്പിച്ചിട്ടില്ല. മാത്രമല്ല മണികുമാർ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ നിർണായക കേസുകളിൽ സർക്കാരിനെ വഴിവിട്ട് സഹായിക്കുകയും, ചാൻസലർ എന്ന നിലയിൽ ഗവർണറുടെ ഉത്തരവുകൾക്ക്‌ വിരുദ്ധമായി നിലപാടുകൾ കൈക്കൊള്ളുകയും ചെയ്തെന്ന് ആരോപണമുണ്ട്.
വിവരാവകാശ കമ്മിഷണർമാരുടെ ഒഴിവുകളിൽ നിയമനം നടത്തണമെങ്കിൽ അത് ഗവർണർ അംഗീകരിക്കേണ്ടതുണ്ട്. ഇതെല്ലം മുന്നിൽ കണ്ടാണ് നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പുവയ്ക്കാത്ത ഗവർണറുടെ നടപടി ചോദ്യംചെയ്തു കോടതിയെ സമീപിക്കാൻ നിയമോപദേശം ലഭിച്ചെങ്കിലും തിരക്കിട്ടു നടപടികൾ വേണ്ടെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം

Related Articles

Latest Articles