കൊല്ലം: യുവ തിരക്കഥാകൃത്തിന്റെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ വി.കെ.പ്രകാശിനെതിരെ കേസെടുത്തു. 354 എ വകുപ്പ് പ്രകാരം കൊല്ലം പള്ളിത്തോട്ടം പോലീസാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്.കഥ സിനിമയാക്കാമെന്നുപറഞ്ഞ് കൊല്ലത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ഈ സംഭവം പുറത്തുപറയാതിരിക്കാൻ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് സംവിധായകൻ 10,000 രൂപ അയച്ചു തന്നുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
വി.കെ. പ്രകാശ് തന്നെ ഉപദ്രവിച്ച കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘത്തിന് യുവതി തിങ്കളാഴ്ച പരാതി നൽകിയിരുന്നു. തുടർന്ന് സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥ വ്യാഴാഴ്ച കൊല്ലത്തെത്തി യുവതിയുടെ മൊഴിയെടുത്തു. മൊഴിയെടുപ്പ് പൂർത്തായ ഉടൻ പള്ളിത്തോട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രഥമ വിവര റിപ്പോർട്ട് വെള്ളിയാഴ്ച പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. അതിനുശേഷമാകും രഹസ്യമൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുക.
അതേസമയം പരാതിയിൽ സംവിധായകൻ വി.കെ. പ്രകാശ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തിരുന്നു. ആരോപണം തെറ്റാണെന്നും ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.

