Saturday, December 27, 2025

‘പ്രധാനമന്ത്രിയെ അവഹേളിച്ചു’; അരുണ്‍ കുമാറിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി ബിജെപി

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വിര്‍ച്വല്‍ പ്രസംഗത്തിനിടെ ഉണ്ടായ ആശയക്കുഴപ്പവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ (Narendra Modi) തെറ്റായ വിവരം നല്‍കുകയും തെറ്റിദ്ധാരണ പരത്തി അപമാനിക്കുകയും ചെയ്ത കേരള യൂണിവേഴ്സിറ്റി പ്രൊഫസറും, മുൻ 24 ന്യൂസ്‌ വാര്‍ത്താ ചാനല്‍ അവതാരകനുമായ ഡോ.അരുണ്‍ കുമാറിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി ബിജെപി.

യുജിസി സ്കെയിൽ ശമ്പളം വാങ്ങി ഉത്തരവാദിത്തപ്പെട്ട സർക്കാർ ജോലിയിൽ ഇരിക്കുന്ന അരുൺകുമാർ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ വിവരം നൽകുകയും തെറ്റിദ്ധാരണ പരത്തി അപമാനിക്കുകയുമായിരുന്നെന്ന് ആരോപിച്ച് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.ബി ഗോപാലകൃഷ്ണനാണ് പരാതി നൽകിയത്. നിരവധി ആളുകൾ തെറ്റ് ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിന്റെ പോസ്റ്റിന് കമൻ്റടിച്ചിട്ടും അരുൺ തരുത്താൻ തയ്യാറായില്ല.

താൻ പോസ്റ്റ്‌ ചെയ്ത വിവരം തെറ്റാണെന്ന് പ്രമുഖ പത്രങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടും അദ്ദേഹം പോസ്റ്റ്‌ പിൻവലിക്കാൻ തയ്യാറാവാത്തത് കുറ്റകരമാണ്. ഗവർണ്ണറുടെ കീഴിൽ വരുന്ന കേരള യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ അരുൺ കുമാറിനെതിരെ ശക്തമായ നടപടി എടുക്കണം എന്നും രാജ്യത്തെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണെന്നും ഗോപാലകൃഷ്ണൻ കത്തിൽ ചൂണ്ടി കാട്ടി.

Related Articles

Latest Articles