ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്ന എഎപി എംപി സ്വാതി മലിവാളിന്‍റെ പരാതിയിൽ സ്വാതിയെ കെജ്‌രിവാളിന്റെ വീട്ടിലെത്തിച്ചുള്ള അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നു.
നേരത്തെ അന്വേഷണ സംഘം സ്വാതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി കെജ്‌രിവാളിനെ കാണാൻ വസതിയിലെത്തിയപ്പോള്‍ അതിക്രൂരമായി ബിഭവ് കുമാര്‍ തന്നെ മര്‍ദ്ദിച്ചുവെന്നാണ് സ്വാതിയുടെ മൊഴി.
“ഏഴ് തവണ കരണത്തടിച്ചു, മുടി ചുറ്റിപ്പിടിച്ച് ഇടിച്ചു, നെഞ്ചിലും, ഇടുപ്പിലും, വയറ്റിലും ചവിട്ടി, കെജ്‌രിവാളിന്റെ വീട്ടിലെ മുറിക്കുള്ളില്‍ വലിച്ചിഴച്ചു മറ്റ് ജീവനക്കാരെത്തിയാണ് തന്നെ രക്ഷിച്ചത്, അടുത്ത മുറിയിലുണ്ടായിരുന്ന കെജ്‌രിവാളും ഇതെല്ലാം അറിഞ്ഞിരിക്കാം, താൻ അവിടെ ഏറെ നേരം ഇരുന്ന് കരഞ്ഞു” – എന്നും സ്വാതിയുടെ മൊഴിയിലുണ്ട്. എഫ്ഐആറിലും ഇക്കാര്യങ്ങളാണ് വ്യക്തമാക്കുന്നത്.
അതേസമയം അന്നേ ദിവസം പകര്‍ത്തിയ വീഡിയോ ആം ആദ്മി പാര്‍ട്ടിയുടെ ഹിന്ദി വാര്‍ത്താ ചാനല്‍ പുറത്ത് വിട്ടു. വീഡിയോയില്‍ സ്വാതി മലിവാള്‍ സുരക്ഷാ ജീവനക്കാരോട് കയര്‍ക്കുന്നതാണ് കാണുന്നത്. ഇതിലൊരാളോട് പണി കളയുമെന്ന് സ്വാതി ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്.

