Sunday, December 14, 2025

ആറന്മുളയിൽ മരിച്ചയാളുടെ വോട്ട് മരുമകൾ രേഖപ്പെടുത്തിയെന്ന പരാതി ! രണ്ട് പോളിങ് ഓഫീസർക്കും ബിഎൽഒയ്ക്കും സസ്‌പെൻഷൻ ! രേഖപ്പെടുത്തിയ വോട്ട് അസാധുവാക്കും

പത്തനംതിട്ട ആറന്മുളയില്‍ മരിച്ചയാളുടെ പേരില്‍ മരുമകൾ കള്ളവോട്ട് ചെയ്‌തെന്ന പരാതിയിൽ മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍. ബൂത്ത് ലെവല്‍ ഓഫീസര്‍ അമ്പിളി, പോളിങ് ഓഫീസര്‍മാരായ ദീപ, കലാ തോമസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു രേഖപ്പെടുത്തിയത് എന്നാണ് പരാതി . വാര്‍ഡ് മെമ്പറും ബിഎല്‍ഒയും ഇതിനായി ഒത്തുകളിച്ചെന്നും ആരോപണമുണ്ട്. വിഷയത്തിൽ ജില്ലാ കളക്ടര്‍ക്ക് എൽഡിഎഫ് പരാതി നൽകിയിരുന്നു. പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന കാരിത്തോട്ട വാഴവിള വടക്കേച്ചെരിവില്‍ വീട്ടില്‍ അന്നമ്മ എന്ന 94 കാരി നാല് വർഷം മുമ്പ് മരിച്ചിരുന്നു . ഇവരുടെ പേരിലാണ് വീട്ടില്‍ വോട്ടിനു വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ശേഷം 18-ാം തീയതി ഉച്ചയ്ക്ക് ബിഎല്‍ഒയും വാര്‍ഡ് മെമ്പറും അടക്കമുള്ളവര്‍ വീട്ടിലെത്തി. 94 കാരിയുടെ പേരില്‍ ലഭിച്ച അപേക്ഷയിൽ ഇവരുടെ മരുമകള്‍ 72-കാരി അന്നമ്മ വോട്ട് രേഖപ്പെടുത്തി എന്നാണ് എൽഡിഎഫ് നൽകിയ പരാതിയിൽ പറയുന്നത്. പിഴവ് സംഭവിച്ചുവെന്ന് ബിഎല്‍ഒ സമ്മതിച്ചുവെന്നാണ് വിവരം.

Related Articles

Latest Articles