Friday, May 3, 2024
spot_img

പൂരം അലങ്കോലമാക്കാൻ സിറ്റി പോലീസ് കമ്മീഷണർ പിണറായിയുടെ അറിവോടെ! ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ . സുരേന്ദ്രൻ

തിരുവനന്തപുരം: തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത്ത് അശോക് ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അറിവോടെയാണെന്ന് ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. കുടമാറ്റം വരെ ഭംഗിയായി നടന്ന തൃശ്ശൂർ പൂരം, പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ചരിത്രത്തിലാദ്യമായി നിർത്തിവെക്കേണ്ടിവന്നതിന് പിന്നാലെ പോലീസിനെ വീണ്ടും പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് കെ.സുരേന്ദ്രന്റെ പ്രതികരണം

“ലോകത്തിന് മുമ്പിൽ കേരളത്തിൻ്റെ അഭിമാനമായ പൂരത്തെ തടയാൻ പൊലീസ് ശ്രമിച്ചിട്ടും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയാത്തത് പ്രതിഷേധാർഹമാണ്. കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമ ഭഗവാൻ്റെ കുടകൾ തടഞ്ഞ സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ ഉടൻ നടപടിയെടുക്കണം. ശ്രീരാമനെയും ഹിന്ദുക്കളെയും അപമാനിക്കുന്നത് പിണറായി സർക്കാർ ഒരു ശിലമാക്കി മാറ്റുകയാണ്. ആനകൾ വേണ്ടി കൊണ്ടുവന്ന പട്ട പോലും കൊണ്ടുപോവാൻ കമ്മീഷണർ അനുവദിച്ചില്ല. പൂരം അലങ്കോലമാക്കാൻ ഉന്നത ഇടപാടുണ്ടായിട്ടുണ്ടെന്ന് കമ്മീഷണറുടെ പ്രവൃത്തികൾ തെളിയിക്കുകയാണ്. തൃശ്ശൂർ പൂരത്തിനെതിരായ നീക്കം ഈ സർക്കാർ തുടക്കം മുതലേ കൈക്കൊള്ളുന്നതാണ്. ശബരിമലയെ തകർക്കാൻ ശ്രമിച്ചതിന് സമാനമായ കാര്യമാണ് തൃശ്ശൂർ പൂരത്തിൻ്റെ കാര്യത്തിലും പിണറായി സർക്കാർ സ്വീകരിക്കുന്നത്.” – കെ.സുരേന്ദ്രൻ പറഞ്ഞു.

പൂരത്തിന് ആനകൾക്കു നൽകാൻ കൊണ്ടു വന്ന പട്ടയും കുടമാറ്റത്തിനുള്ള കുടയും തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകൻ തടയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

‘‘എടുത്തോണ്ട് പോടാ പട്ട’’ എന്നു പറഞ്ഞ് കമ്മിഷണർ കയർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനു പിന്നാലെ കുടമാറ്റത്തിനായി കൊണ്ടുവന്ന കുടകള്‍ പോലീസ് തടയുന്നതും ദൃശ്യങ്ങളിലുണ്ട്. കുടമാറ്റത്തിനു മുൻപായി ഗോപുരത്തിനുള്ളിലേക്ക് കുടകള്‍ കൊണ്ടുവന്നപ്പോഴാണ് തടഞ്ഞത്. പിന്നീട് ഇവരെ അകത്തു പ്രവേശിപ്പിച്ചു.

തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെയാണ് എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ച് പൂരം നിർത്തിവയ്ക്കാൻ തിരുവമ്പാടി ദേവസ്വം നിർബന്ധിതരായിരുന്നു. രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടിൽ കടക്കാൻ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചതും വിമർശനത്തിനു കാരണമായി.

പിന്നാലെ തിരുവമ്പാടി വിഭാഗംപൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധമറിയിച്ചു. ഇതോടെയാണ് രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

തിരുവമ്പാടിയുടെ രാത്രി ചടങ്ങ് ഒരു ആനയെ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള എഴുന്നള്ളത്ത് മാത്രമായി നടത്തി. തുടര്‍ന്ന്, പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി. ആനകളെ പന്തലില്‍ നിര്‍ത്തി സംഘാടകരും മടങ്ങി. പൂരം തകര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് തിരുവമ്പാടി ദേവസ്വം ആരോപിച്ചു. പുലർച്ചെതന്നെ മന്ത്രി കെ. രാജൻ, കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകരുമായി നടന്ന ചർച്ചയിലാണ് നിർത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലർച്ചെതന്നെ നടത്താനും തീരുമാനമായത്. ഒടുവിൽ വെടിക്കെട്ട് നടന്നത് 4 മണിക്കൂർ വൈകി പകൽവെളിച്ചത്തിൽ നടത്തേണ്ടിവന്നു. ഉറക്കമിളച്ചു കാത്തിരുന്നിട്ടും വെടിക്കെട്ടിന്റെ വർണഭംഗി ആസ്വദിക്കാൻ പൂരപ്രേമികൾക്കായില്ല. പൂരത്തലേന്നുതന്നെ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ തുടങ്ങിയിരുന്നു.

മഠത്തിൽ വരവിനിടെ ഉത്സവപ്രേമികൾക്കു നേരെ കയർക്കാനും പിടിച്ചു തള്ളാനും മുന്നിൽനിന്നതു സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ നേരിട്ടാണെന്ന് ആക്ഷേപമുണ്ടായിരുന്നു.തിരുവമ്പാടി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ച സമയത്തും ക്ഷേത്രനടയിൽ പൊലീസും ദേവസ്വം ഭാരവാഹികളുമായി തർക്കമുണ്ടായി

Related Articles

Latest Articles