ദില്ലി : പാർലമെന്റിൽ ഉണ്ടായ പ്രതിഷേധത്തിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ പെരുമാറിയെന്ന് നാഗാലാൻഡിലെ ബിജെപി എംപി ഫാങ്‌നോൺ കൊന്യാക്. സംഭവത്തിൽ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിന് ഫാങ്‌നോൺ കൊന്യാക് കത്തെഴുതി.
” പ്രതിപക്ഷ നേതാവ് രാഹുൽ പ്രതിഷേധത്തിനിടെ മോശമായി പെരുമാറി. എന്നോട് തട്ടിക്കയറുകയും ആക്രോശിച്ച് അടുത്തേക്ക് വരികയും ചെയ്തു. അദ്ദേഹത്തിന്റെ ശാരീരിക സാമീപ്യം വളരെ അടുത്തായതിനാൽ ഒരു സ്ത്രീയെന്ന നിലയിൽ അത്യധികം അസ്വസ്ഥത തോന്നി”.- ഫാങ്‌നോൺ കൊന്യാക് പറഞ്ഞു.
രാഹുലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ഭീഷണിയുടെ സ്വരത്തിലാണ് രാഹുൽ തന്നോട് തട്ടിക്കയറിയതെന്നും ഫാങ്‌നോൺ കത്തിൽ സൂചിപ്പിച്ചു. വനിത എംപിയെ അപമാനിക്കാൻ ശ്രമിച്ചതിൽ രാഹുലിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. രാഹുൽ മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി.
പാര്‍ലമെന്റ് കവാടത്തില്‍ അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്കിടെ രണ്ട് ബിജെപി എംപിമാരെ രാഹുല്‍ ഗാന്ധി പിടിച്ച് തള്ളിയെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. പരിക്കേറ്റ ബിജെപി എംപിമാരായ മുകേഷ് രജ്പുത്, പ്രതാപ് സാരംഗി എന്നിവരെ ദില്ലിയിലെ റാം മനോഹര്‍ ലോഹ്യ (ആര്‍എംഎല്‍) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബിജെപി നൽകിയ പരാതിയിൽ രാഹുലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്

