മുംബൈ: നീണ്ട 38 വർഷത്തെ ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയതിന്റെ കാരണം വ്യക്തമാക്കി മുൻ കർണാടക മുഖ്യമന്ത്രി അശോക് ചവാൻ. കോൺഗ്രസ് ഓരോ ദിവസവും മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയെ കുറിച്ച് അണികൾക്കുള്ളിൽ തന്നെ വലിയ തോതിൽ അതൃപ്തി പുകയുകയാണ്. രാജ്യത്തിന്റെ മനോവികാരം ബിജെപിക്ക് അനുകൂലമാണെന്നും, വികസനത്തിന്റെ കാര്യത്തിൽ അവരുടെ ട്രാക്ക് റെക്കോർഡ് രാജ്യത്തെ ഓരോ പൗരനും വേണ്ടിയുള്ളതാണെന്നും അശോക് ചവാൻ പറഞ്ഞു.
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിന് വേണ്ടിയാണെന്ന ആരോപണത്തേയും അദ്ദേഹം തള്ളി. ‘ഇത്തരത്തിൽ ഉയരുന്ന ആരോപണങ്ങളിൽ യാതൊരു വിധ സത്യവുമില്ല. രണ്ട് തവണ ലോക്സഭാ എംപിയും എംഎൽഎയും ആയിട്ടുള്ള വ്യക്തിയാണ് ഞാൻ. വേണമെങ്കിൽ എന്നെ നോമിനേറ്റ് ചെയ്യാൻ കോൺഗ്രസിനോട് ആവശ്യപ്പെടാമായിരുന്നു. നിലവിൽ മഹാരാഷ്‌ട്രയിൽ ഒരു പോരാട്ടത്തിന് കോൺഗ്രസ് തയ്യാറാണെന്ന് തോന്നുന്നില്ല. കാരണം ഒരു വിധത്തിലുള്ള തയ്യാറെടുപ്പുകളും അവർ നടത്തിയിട്ടില്ല. പക്ഷേ ഒരാളേയും വ്യക്തിപരമായി വിമർശിക്കാൻ ആഗ്രഹിക്കുന്നില്ല. എന്താണ് സംഭവിച്ചതെന്ന് ആത്മപരിശോധന നടത്തിയാൽ അത് കോൺഗ്രസിന് നല്ലതാണ്. ചിലപ്പോൾ ഒരാൾ കുറഞ്ഞതിന്റെ പേരിൽ സ്ഥാനാർത്ഥിയാകാനുള്ള മത്സരം കുറഞ്ഞതിൽ അവർ സന്തോഷിക്കുന്നുമുണ്ടാകാം.
കോൺഗ്രസിന് വേണ്ടി എല്ലാക്കാലത്തും പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്താനും ശ്രമിച്ചു. അവസാന നിമിഷം വരെ മഹാവികാസ് അഘാഡിയെ ശക്തിപ്പെടുത്താനും ശ്രമങ്ങൾ നടത്തി. കോൺഗ്രസിനുള്ളിൽ വലിയ തോതിൽ മാറ്റങ്ങൾ വരേണ്ടതുണ്ട്. യുവാക്കളുടെ പ്രശ്‌നങ്ങൾ, ഇന്ന് അവർക്ക് മുന്നിലുള്ള വെല്ലുവിളികൾ ഇതിലെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ വിജയം ലഭിക്കില്ല. ജനങ്ങളുടെ വികാരം മനസിലാക്കുന്നതിൽ പരാജയപ്പെട്ട പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിൽ എന്റെ സഹപ്രവർത്തകരിൽ പലരും ഇന്ന് ആശങ്കയിലാണ്. കാരണം കോൺഗ്രസ് ഓരോ ദിവസം മുങ്ങിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ഒന്നര വർഷത്തോളം അവർക്ക് മുന്നിലുണ്ടായിരുന്ന സമയം കോൺഗ്രസ് പാഴാക്കി. ഇന്ന് രാജ്യം ബിജെപിക്ക് അനുകൂലമായി മാറിക്കൊണ്ടിരിക്കുകയാണ്. അവരുടെ പ്രതിച്ഛായ ദിനംപ്രതി വർദ്ധിക്കുകയാണ്. പ്രതിപക്ഷം അവർക്ക് മുന്നിൽ ദുർബലമാകുന്ന കാഴ്ചയാണ് കാണാനാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ നടത്തി വരുന്ന വികസന പ്രവർത്തനങ്ങൾ അതിശയിപ്പിക്കുന്നതാണെന്ന കാര്യത്തിൽ തർക്കമില്ല. നമുക്ക് ഓരോരുത്തർക്ക് മുന്നിൽ അത് വ്യക്തമാണ്. ഇപ്പോഴുള്ള തുടക്കത്തിൽ വളരെയധികം സന്തോഷമുണ്ട്. മറാത്ത സംവരണം മഹാരാഷ്‌ട്രയിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരുമായി ചർച്ച നടത്തുമെന്നും’ അദ്ദേഹം പറഞ്ഞു.

