ഹൈദ്രബാദ്: സംസ്ഥാനത്ത് രാഷ്ട്രീയ ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ബിജെപി യെ പിടിച്ചു കെട്ടാൻ പ്രതിപക്ഷ ഐക്യമെന്ന ഫോർമുലയുമായി ടി ആർ എസ്. അടുത്ത ലോക്സഭാ തെരെഞ്ഞെടുപ്പിനു മുമ്പ് തെരെഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനമാണ് തെലങ്കാന. എന്നാൽ ബിജെപി ഇതര പ്രതിപക്ഷ കക്ഷികളെ വിശാല ബിജെപി വിരുദ്ധ മുന്നണിയിലേക്ക് ക്ഷണിക്കുകയാണ് ഭരണകക്ഷിയായ ടി ആർ എസ്. അഞ്ചു സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിലും ആധികാരിക വിജയം നേടി ഭരണ തുടർച്ച നേടിയ ബിജെപി തെലങ്കാനയിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ടി ആർ എസ് കണക്കുകൂട്ടുന്നു. എന്നാൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളെ അണിനിരത്താനുള്ള ടി ആർ എസ് ശ്രമം തുടക്കത്തിലേ പാളി. സഖ്യത്തിലേക്കില്ലെന്ന് കോൺഗ്രസ് സംസ്ഥാന ഘടകം തീരുമാനിച്ചതായാണ് വിവരം.
അടുത്ത വര്‍ഷം നടക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിആര്‍എസുമായി സഖ്യമുണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഢി. കെ ചന്ദ്രശേഖര്‍ റാവു വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നും രേവന്ത് റെഡ്ഢി കുറ്റപ്പെടുത്തി. ബിജെപി വിരുദ്ധമുഖ്യമന്ത്രിമാരുടെ കൂട്ടായ്മയുണ്ടാക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ നീക്കത്തെ സംശയത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. മമത ബാനര്‍ജിയെയും എം.കെ സ്റ്റാലിനെയും ഉദ്ധവ് താക്കറെയെയും അടര്‍ത്തിമാറ്റി ബിജെപിയെ സഹായിക്കാനാണ് കെസിആര്‍ ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

