നിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി നിലമ്പൂർ മണ്ഡലത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം പരിശോധിച്ചത് വിവാദമാക്കാൻ ശ്രമം. എന്നാൽ തെരഞ്ഞെടുപ്പിൽ യു ഡി എഫിനുള്ള മേൽക്കൈ അനാവശ്യ വിവാദങ്ങളിലൂടെ ഇല്ലാതാക്കേണ്ടതില്ല എന്നാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ തീരുമാനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എടുത്തുചാട്ടം വേണ്ടെന്ന് മുതിർന്ന നേതാക്കൾ യുവ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയെന്നാണ് സൂചന.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് നിലമ്പൂർ മണ്ഡലത്തിലെക്കുള്ള എൻട്രി പോയിന്റായ വടപുറത്ത് വാഹന പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ എം പിയും എം എൽ എയും സഞ്ചരിച്ച കാർ പരിശോധിച്ചത്. കാറിന്റെ ബൂട്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥർ ലഗേജുകൾ പുറത്തെടുത്ത് പരിശോധിച്ചു. അതിന് ശേഷം പരിശോധന അവസാനിപ്പിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരോട് കാറിലുണ്ടായിരുന്ന പെട്ടികൾ കൂടി തുറന്ന് പരിശോധിക്കാൻ ഷാഫി പറമ്പിൽ ആവശ്യപ്പെടുകയായിരുന്നു. എം പി യുടെ മുഖത്ത് ടോർച്ച് അടിച്ച് അപമാനിച്ചു എന്നാരോപിച്ച രാഹുൽ ,മാങ്കൂട്ടത്തിൽ എം എൽ എ പരിശോധന നടത്തിയ വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സർവീസിൽ ഉണ്ടല്ലോ ഇതിന് പാരിതോഷികം തന്നിരിക്കും എന്നാണ് രാഹുൽ ഭീഷണിപ്പെടുത്തിയത്.
അതേസമയം യു ഡി എഫ് നേതാക്കളുടേത് തെരഞ്ഞെടുപ്പ് നാടകങ്ങളെന്ന് എൽ ഡി എഫ് പ്രതികരിച്ചു. തന്റെ വാഹനം നാലുതവണ പരിശോധിച്ചെന്ന് സിപിഎം നേതാവ് പി കെ ബിജു പറഞ്ഞു. കെ രാധാകൃഷ്ണൻ എം പിയുടെയും അബ്ദുൾ വഹാബിന്റെയും വാഹനങ്ങളും പരിശോധിച്ചതായി നേതാക്കൾ അറിയിച്ചു. യു ഡി എഫ് നേതാക്കളുടെ ആരോപണം ജില്ലാ കളക്ടർ തള്ളി. സ്വാഭാവികമായ പരിശോധനകളാണ് നടക്കുന്നതെന്നും പരിശോധനകളോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

