ദുബ്രിയിൽ: അസമിലെ ദുബ്രിയിൽ സംഘർഷം അടിച്ചമർത്താൻ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാൻ അദ്ദേഹം പൊലീസിന് നിർദ്ദേശം നൽകി. ഇന്നലെ അദ്ദേഹം ദുബ്രി സന്ദർശിച്ചിരുന്നു. ബക്രീദ് ദിനത്തിൽ ദുബ്രിയിലെ ഹനുമാൻ ക്ഷേത്രത്തിൽ പശുവിന്റെ തലയറുത്ത് വച്ചതോടെയാണ് സംഘർഷങ്ങൾ ആരംഭിച്ചത്. പിന്നീട് പല ക്ഷേത്രങ്ങളിലും ജിഹാദികൾ ഇത് ആവർത്തിച്ചതോടെ സംഘർഷം വ്യാപിക്കുകയായിരുന്നു. നിരവധി ക്ഷേത്രങ്ങളിലേക്ക് അക്രമികൾ ബീഫിന്റെ കഷ്ണങ്ങളും കല്ലുകളും വലിച്ചെറിഞ്ഞതായി നാട്ടുകാർ പരാതിപ്പെടുന്നു.
വിഘടനവാദി സംഘടനയായ നബീൻ ബംഗ്ലാ ഗ്രൂപ്പാണ് പ്രകോപനത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബക്രീദ് പ്രമാണിച്ച് പശ്ചിമ ബംഗാളിൽ നിന്ന് വൻതോതിൽ ബീഫ് ഇറക്കുമതി ചെയ്യുകയും അവശിഷ്ടങ്ങൾ ക്ഷേത്രങ്ങളിലേക്ക് വലിച്ചെറിയുകയുമായിരുന്നു. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ സംഘടന കുറച്ചുനാളായി പോസ്റ്റർ ക്യാമ്പയിൻ നടത്തിവരികയായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലും ഇവർ വിദ്വേഷ പ്രചാരണങ്ങൾ നടത്തി. ദുബ്രിയെ ബംഗ്ലാദേശിന്റെ ഭാഗമാക്കണമെന്ന് വാദിക്കുന്ന വിഘടനവാദി സംഘടനയാണ് നബീൻ ബംഗ്ല.
റാപ്പിഡ് ആക്ഷൻ ഫോഴ്‌സും സി ആർ പി എഫും അടക്കമുള്ള സുരക്ഷാ സേനാ വിഭാഗങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബീഫ് മാഫിയ ആണ് അക്രമം നടത്തുന്നതെന്നും സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകർക്കാൻ വർഗീയ സംഘടനകളെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ബംഗ്ലാദേശ് ഭീകര സംഘടനകൾ ഭീഷണി മുഴക്കിയിരുന്നു. കേന്ദ്ര സർക്കാരും സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്.

