തിരുവനന്തപുരം : ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ പൊട്ടിത്തെറി. വിസി നിയമന സമവായം ഗുണം ചെയ്യില്ലെന്ന് നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമര്‍ശനം ഉന്നയിച്ചു. എല്ലാം മുഖ്യമന്ത്രി തീരുമാനിച്ചത് ഒറ്റയ്ക്കാണെന്നും പിഎം ശ്രീക്ക് സമാനമായ ആക്ഷേപം വിസി നിയമന സമവായത്തിലും ഉയരുമെന്നും നേതാക്കള്‍ യോഗത്തിൽ മുന്നറിയിപ്പ് നൽകി. ഗവർണറുമായുള്ള സമവായ തീരുമാനം മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചപ്പോഴാണ് വിമർശനം ഉയര്‍ന്നത്.വിസി നിയമനത്തിലെ സമവായം പാർട്ടിയും അറിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. വിസി നിയമനത്തിലെ വിട്ടുവീഴ്ച പാർട്ടി ചർച്ച ചെയ്തിരുന്നില്ല. ഗവർണറുമായി സമവായത്തിന് മുൻകയ്യെടുത്തത് മുഖ്യമന്ത്രിയാണെന്നും സമവായ നീക്കം പാർട്ടി അറിഞ്ഞത് മുഖ്യമന്ത്രി തീരുമാനം പറഞ്ഞപ്പോൾ മാത്രമാണെന്നുമായിരുന്നു വിമര്‍ശനം. എന്നാൽ, ഒത്തുതീർപ്പിലെത്താതെ മുന്നോട്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചുപറഞ്ഞതോടെ സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന യോഗത്തിലാണ് വിഷയം ഉന്നയിച്ചത്. ഇതിനുമുൻപുതന്നെ, മന്ത്രിമാരായ പി. രാജീവിനെയും ആർ. ബിന്ദുവിനെയും മുഖ്യമന്ത്രി ലോക്‌ഭവനിലേക്കയച്ച് ഒത്തുതീർപ്പിനുള്ള ആദ്യഘട്ടം പൂർത്തിയാക്കിയിരുന്നു. ഏതൊക്കെ ഉപാധിയിലാണ് സർക്കാരും ഗവർണറും ഒത്തുതീർപ്പുണ്ടാക്കുന്നതെന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചിട്ടില്ല. ചർച്ചയുമുണ്ടായില്ല.
സെർച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടികയിൽനിന്ന് മുഖ്യമന്ത്രി നിർദേശിക്കുന്നയാളെ ഗവർണർ നിയമിക്കണമെന്നായിരുന്നു ആദ്യം സുപ്രീംകോടതി നിർദേശിച്ചത്. സമവായത്തിലെത്തിയില്ലെങ്കിൽ വി.സി. നിയമനനടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമാക്കി കോടതി അതിനുള്ള നടപടികളിലേക്ക് കടന്നിരുന്നു. ഇത്തരത്തിൽ വി.സി. നിയമനത്തിൽ സർക്കാരിന് പൂർണമേൽക്കൈ ലഭിക്കാൻ സാധ്യതയുള്ള ഘട്ടത്തിൽ ഒത്തുതീർപ്പുണ്ടാക്കാൻ സർക്കാർ മുന്നിട്ടിറങ്ങി എന്നാണ് നേതാക്കൾ ആരോപിക്കുന്നത്,.

