മസ്‌കറ്റ്:മൂന്ന് രാജ്യങ്ങളിലെ സന്ദർശനത്തിന്റെ അവസാന ഘട്ടമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രാജകീയ സ്വീകരണം. ജോർദാൻ, എത്യോപ്യ എന്നിവിടങ്ങളിലെ വിജയകരമായ സന്ദർശനത്തിന് ശേഷമാണ് അദ്ദേഹം മസ്‌കറ്റിലെത്തിയത്. മസ്‌കറ്റ് വിമാനത്താവളത്തിൽ ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സെയ്ദ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം വർധിപ്പിക്കുന്നതിനെക്കുറിച്ച് നേതാക്കൾ പ്രാഥമിക ചർച്ചകൾ നടത്തി.
Extremely grateful to HH Sayyid Shihab bin Tariq Al Said, Oman’s Deputy Prime Minister for Defence Affairs for the warm welcome at Muscat airport. We also had a great interaction, exchanging perspectives on India-Oman friendship. pic.twitter.com/pfdqA34R5F
— Narendra Modi (@narendramodi) December 17, 2025
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രത്യേക ക്ഷണമനുസരിച്ചാണ് പ്രധാനമന്ത്രി ഒമാനിലെത്തിയത്. ഇന്ന് നടക്കുന്ന ഉന്നതതല ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (CEPA) ഒപ്പുവെക്കും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒമാൻ വാണിജ്യ മന്ത്രി ഖൈസ് അൽ യൂസഫും സുൽത്താന്റെയും പ്രധാനമന്ത്രിയുടെയും സാന്നിധ്യത്തിലാണ് ഈ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടുന്നത്.
ഇന്ത്യയുമായി ആഴത്തിലുള്ള ചരിത്രപരമായ ബന്ധവും സുസ്ഥിരമായ സൗഹൃദവുമുള്ള നാടാണ് ഒമാൻ എന്ന് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു. പുതിയ സഹകരണ മേഖലകൾ കണ്ടെത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന് പുതിയ ഊർജ്ജം നൽകാനും ഈ സന്ദർശനം ഉപകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മസ്‌കറ്റിലെ താമസസ്ഥലത്ത് എത്തിയ പ്രധാനമന്ത്രിക്ക് ആവേശകരമായ സ്വീകരണമാണ് പ്രവാസി മലയാളി സമൂഹമുൾപ്പെടെയുള്ള ഇന്ത്യൻ ജനത നൽകിയത്. ഒമാനി പരമ്പരാഗത നൃത്തം, കുച്ചിപ്പുടി, കഥക്, ഘൂമർ, യക്ഷഗാനം തുടങ്ങിയ കലാരൂപങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേമാതരം’ വിളികളോടെയാണ് പ്രവാസി സമൂഹം അദ്ദേഹത്തെ വരവേറ്റത്.
രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ കൊട്ടാരത്തിൽ വെച്ച് സുൽത്താനെ കാണുന്നതിന് പുറമെ, ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യവസായികൾ പങ്കെടുക്കുന്ന ബിസിനസ് ഫോറത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുമായും വിദ്യാർത്ഥികളുമായും അദ്ദേഹം സംവദിക്കും. ഒമാനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ പ്രധാനമന്ത്രിയുടെ ‘പരീക്ഷാ പേ ചർച്ച’ ഏറെ പ്രചാരമുള്ള കാര്യവും അധികൃതർ ചൂണ്ടിക്കാട്ടി. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലെ ഈ സന്ദർശനം ചരിത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കും.

