അഹമ്മദാബാദ്: വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിക്കുകയും തളള വിരൽ മുറിച്ചു മാറ്റുകയും ചെയ്തു . ഗുജറാത്തിലെ പാത്താൻ ജില്ലയിലാണ് കൊടും ക്രൂരത നടന്നത്. സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളി നടക്കുന്നതിനിടെ യുവാവിന്റെ അനന്തരവൻ ബാൾ എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്.
പാത്താൻ ജില്ലയിലെ കകോശി ഗ്രമാത്തിലാണ് സംഭവം. സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. അതിനിടെ തെറിച്ചു വീണ ബാൾ കുട്ടി എടുത്തു. ഇതോടെ രോഷാകുലരായ കളിക്കാർ കുട്ടിയെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് കുട്ടിയുടെ അമ്മാവൻ ധീരജ് പാർമർ ചോദ്യം ചെയ്തു. പിന്നീട് പ്രശ്നം പരിഹരിച്ചു. എന്നാൽ അന്ന് വൈകീട്ട് ഏഴ് ആളുകൾ ചേർന്ന ഒരു സംഘം ആയുധങ്ങളുമായി ധീരജിന്റെ വീട്ടിലെത്തുകയും തർക്കമാവുകയുമായിരുന്നു. ഈസമയം. ഭീരജും സഹോദരൻ കീർത്തിയും വീട്ടിലുണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ പ്രതികളിലൊരാൾ കീർത്തിയുടെ തള്ളവിരൽ മുറിച്ചു.
ഗുരുതര പരിക്കേറ്റ കീർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

