Monday, December 22, 2025

കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകർ പെട്ടു… ഇടത് സർക്കാർ കുടുങ്ങും | cooperative bank

നൂറു കോടിയിലേറെ രൂപയുടെ വായ്പ്പാത്തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ബാധ്യതകള്‍ കേരള ബാങ്കിന് കൈമാറാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ബാധ്യതകള്‍ ഏറ്റെടുക്കാന്‍ നിയമപരമായി തടസ്സങ്ങളുണ്ടെന്ന് കേരള ബാങ്ക് സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപനം ചട്ടവിരുദ്ധമാണെന്ന് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും കണക്ക് പ്രകാരം 104 കോടി രൂപയാണ് വായ്പ്പാത്തട്ടിപ്പിലൂടെ നഷ്ടമായത്. എന്നാല്‍, കരുവന്നൂര്‍ ബാങ്കിന്റെ യഥാര്‍ഥ ബാധ്യത 400 കോടിയിലേറെ വരുമെന്നാണ് കണക്കാക്കുന്നത്. 452 കോടി രൂപയാണ് ബാങ്കിന്റെ നിക്ഷേപം. ഇതില്‍ കാര്യമായ നീക്കിയിരിപ്പില്ല. ഇപ്പോള്‍ പുറത്തുവന്ന തട്ടിപ്പിന് പുറമേ നല്‍കിയിട്ടുള്ള വായ്പ്പകളില്‍ ഭൂരിപക്ഷവും കിട്ടാക്കടമാണ്. വായ്പ്പയെടുത്ത പലരും തിരിച്ചടച്ചെന്ന് പറയുന്നുണ്ടെങ്കിലും ബാങ്ക് രേഖകളിലില്ല. കളക്ഷന്‍ ഏജന്റുമാരും ജീവനക്കാരും പണം തട്ടിയോയെന്നത് പരിശോധിക്കണം. വര്‍ഷങ്ങള്‍ നീളുന്ന നിയമപോരാട്ടങ്ങള്‍ക്കും ഇതിടയാക്കിയേക്കും.

രണ്ടായിരത്തോളം വായ്പ്പകള്‍ കിട്ടാക്കടമാണെന്നാണ് കണക്ക്. അതില്‍ത്തന്നെ പകുതിയോളം വന്‍തുകകളുടേതാണ്. ജപ്തിയും റിക്കവറി നടപടികളും ഇപ്പോഴത്തെ സാഹചര്യത്തില്‍ നടക്കില്ല. ജപ്തി നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് ഒരാള്‍ ആത്മഹത്യ ചെയ്തതോടെ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മതിയായ ഈടില്ലാതെ 400 കോടിയോളം രൂപ കരുവന്നൂര്‍ ബാങ്കില്‍ മുടക്കാനാവില്ലെന്ന നിലപാടിലാണ് കേരള ബാങ്ക്.

ലാഭം മാത്രമല്ല, തിരിച്ചു കിട്ടുമെന്ന് ഉറപ്പുപോലുമില്ലാതെ ഇത്രയും വലിയ തുക മുടക്കുന്നത് കേരള ബാങ്കിന്റെ നിലനില്‍പ്പിനെ ബാധിക്കും. ഈടില്ലാതെ വന്‍തുക കൈമാറിയാല്‍ റിസര്‍വ് ബാങ്ക് നടപടിയും ഉറപ്പാണ്. ഇക്കാര്യങ്ങള്‍ കേരള ബാങ്ക് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെയും ഭരണസമിതിയെയും അറിയിച്ചിട്ടുണ്ട്.

നിലവില്‍ കരുവന്നൂര്‍ സഹ. ബാങ്കിന് കേരള ബാങ്കില്‍ 50 കോടി രൂപയോളം ബാധ്യതയുണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ വര്‍ഷം സര്‍ക്കാരും സിപിഎമ്മും ഇടപെട്ട് കൈമാറിയ തുകയും പലിശയുമാണിത്. ഇതിനും മതിയായ ഈടില്ല. ഇത് തന്നെ റിസര്‍വ് ബാങ്ക് നടപടിക്ക് മതിയായ കാരണമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉറപ്പില്ലാതെ സഹകാരികളുടെ പണം വഴിവിട്ട് ചെലവഴിക്കാന്‍ കേരള ബാങ്ക് ഭരണസമിതിക്ക് അധികാരമില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കരുവന്നൂരിലെ നിക്ഷേപകരുടെ പ്രതിഷേധം തണുപ്പിക്കാന്‍ ബാധ്യതകള്‍ കേരള ബാങ്ക് ഏറ്റെടുക്കുമെന്ന് സിപിഎം ആസൂത്രിതമായി പ്രചരിപ്പിക്കുന്നുണ്ട്. ഇരിങ്ങാലക്കുട മേഖലയില്‍ സിപിഎം സ്‌ക്വാഡുകള്‍ വീടുകള്‍ തോറും കയറി ഇക്കാര്യം പറയുകയാണ്. അതേസമയം, കേരള ബാങ്ക് പണം മുടക്കുമെന്ന പ്രതീക്ഷ തെറ്റിയതോടെ നിക്ഷേപകര്‍ ആശങ്കയിലാണ്. സര്‍ക്കാരിന് പ്രത്യേക നടപടിയെന്ന നിലയില്‍ വേണമെങ്കില്‍ കരുവന്നൂര്‍ ബാങ്കിന് പണം നല്‍കാം. മുമ്പ് റബ്‌കോയ്ക്ക് ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles