Sunday, May 19, 2024
spot_img

കൊറോണയെത്തി പത്തനംതിട്ടയില്‍

തിരുവനന്തപുരം : പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് വാര്‍ത്താസമ്മേളനം നടത്തി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്ന ശേഷമാണ് മന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്.

ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ച അഞ്ചുപേരില്‍ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരാണ്. രണ്ടുപേര്‍ അവരുടെ അടുത്ത ബന്ധുക്കളുമാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍. ശനിയാഴ്ച രാത്രിയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചതെന്നാണ് വിവരം. റാന്നി ഐത്തല സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് 55 കാരനും ഭാര്യയും 22-കാരനായ മകനും ഇറ്റലിയില്‍ നിന്നെത്തിയത്. ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവരുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുകയും ഇറ്റലിയില്‍ നിന്ന് വന്നവരേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവരുടെ ശരീര സ്രവങ്ങള്‍ പരിശോധനക്കയക്കുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ടവര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.

നേരത്തെ മൂന്ന് പേര്‍ക്ക് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. ചൈനയില്‍ നിന്നെത്തിയവരായിരുന്നു ഈ മൂന്ന് പേരും. രോഗമുക്തി നേടിയ ശേഷം ഇവരെ വിട്ടയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകളനുസരിച്ച് കേരളത്തിലാകമാനം 637 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. 26 പേരായിരുന്നു പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍.

Related Articles

Latest Articles