കോഴിക്കോട് : നാല് മണിക്കൂർ കഴിഞ്ഞിട്ടും പുതിയ ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്‌സിലെ തീയണയ്ക്കാൻ കഴിയാതെ കുഴങ്ങി അധികൃതർ. തകരഷീറ്റുകളും ഫ്‌ളെക്‌സ് ബോര്‍ഡുകളും ഉണ്ടായിരുന്നതുകൊണ്ട് കെട്ടിടത്തിന് ഉള്ളിലേക്ക് കൃത്യമായി വെള്ളം അടിക്കാന്‍ സാധിച്ചിരുന്നില്ല. ജെസിബി ഉപയോഗിച്ച് ചില്ല് പൊട്ടിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.തീ നിയന്ത്രിക്കുന്നതിന് പ്രതിസന്ധിയായി നിന്ന തകര ഷീറ്റുകളും ജെസിബി ഉപയോഗിച്ച് പൊളിച്ചു മാറ്റി വെള്ളം ശക്തിയായി അടിച്ച് തീ അണയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
മലാബാറിലെ കൂടുതല്‍ ഫയർ എന്‍ജിനുകളോട് എത്താനായി നിർദ്ദേശിച്ചിട്ടുണ്ട്. അതിനാല്‍ ഒരുവശത്തുനിന്ന് തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്തേക്ക് ആളിപ്പടരുന്ന തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമായിരുന്നില്ല. കെട്ടിടം പൂർണമായും കത്തിനശിക്കുന്ന നിലയിലാണ്. തുണിത്തരങ്ങളാണ് കത്തുന്നതെന്ന് കാലിക്കറ്റ് ടെക്സ്റ്റൈൽസിലെ ജീവനക്കാർ പറഞ്ഞു. തുണിത്തരങ്ങൾ ഇട്ടുവച്ചത് പ്ലാസ്റ്റിക് കവറുകളിലാണ്. യൂണിഫോമുകൾ അടക്കമുള്ള തുണിത്തരങ്ങൾ വലിയ അളവിൽ തന്നെ സ്റ്റോക്ക് ചെയ്തിരുന്നു. ഞായറാഴ്ച ആയതിനാൽ പരിസരത്ത് തിരക്ക് കുറവായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ആളപായമില്ലെന്നാണ് വിവരം.

