കണ്ണൂര്‍: ഓഫീസില്‍ വിളിച്ചു വരുത്തി എ എന്‍ ഷംസീര്‍ എം എല്‍ എ ഭീഷണിപ്പെടുത്തിയതായി തലശേരി നഗരസഭാ മുന്‍ കൗണ്‍സിലറും വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ബിഒടി നസീര്‍ പറഞ്ഞു. വധശ്രമം നടന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും, കൊലപാതക രാഷ്ട്രീയതിനെതിരെ കൃത്യമായ നടപടികള്‍ ഉണ്ടാകണമെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബിഒടി നസീര്‍ വധശ്രമത്തിന്റെ ദൃശ്യങ്ങള്‍ പ്രമുഖ മാധ്യമത്തിന് ലഭിച്ചു. ദേഹത്ത് ബൈക്ക് കയറ്റുന്നതും തുടരെ വെട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്നാണ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത കൊളശേരി സ്വദേശി റോഷന്, വേറ്റുമ്മല്‍ സ്വദേശി ശ്രീജന് എന്നിവര്‍ കഴിഞ്ഞ ദിവസം തലശേരി കോടതിയില്‍ കീഴടങ്ങിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐക്കും സംഘത്തിനും സൂചനപോലും ഇല്ലാതിരിക്കെയാണ് റോഷനും ശ്രീജനും കോടതിയില്‍ കീഴടങ്ങിയത്. ഇരുവരെയും പ്രതി സ്ഥാനത്ത് പൊലീസ് ഉള്‍പ്പെടുത്തുകയോ, പേരുകള്‍ കോടതിയില്‍ നല്‍കുകയോ ചെയ്തിട്ടില്ല. എന്നാല്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന നിലയിലാണ് ഇരുവരും കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്ന് റിപ്പോര്‍ട്ട് തേടാതെ 14 ദിവസത്തക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
നസീറിനെതിരെ നടന്ന വധശ്രമം സി പി എം സ്വന്തം നിലയ്ക്ക് അന്വേഷിക്കുന്നുണ്ട്. തനിക്കെതിരെ ആക്രമണം ഷംസീര്‍ ഗൂഢാലോചന നടത്തിയെന്ന് നസീര്‍ മൊഴി നല്‍കിയതില്‍ സത്യാവസ്ഥയുണ്ടോ എന്നാണ് പാര്‍ട്ടി അന്വേഷിക്കും. സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. തനിക്കെതിരായ വധശ്രമത്തില്‍ ജയരാജന് പങ്കില്ലെന്നും നസീര്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ മാസം 19ന് രാത്രിയാണ് നസീറിന് നേരെ ആക്രമണമുണ്ടായത്.

