ഡെറാഡൂൺ :അഴുകിത്തുടങ്ങിയ അമ്മയുടെയും അച്ഛന്റെയും മൃതദേഹങ്ങൾക്കൊപ്പം ആറുദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ ജീവനോടെ കണ്ടെത്തി. വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന സമീപവാസികളുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ പരിശോനയിലാണ് മൃതദേഹങ്ങളെയും നവജാത ശിശുവിനെയും കണ്ടെത്തിയത്. ദമ്പതികൾ മൂന്നു ദിവസം മുൻപാണ് ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.
ഡെറാഡൂണിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന കാഷിഫ് (25) ഭാര്യ അനം (22) എന്നിവരാണ് മരിച്ചത്. കാഷിഫ് ക്രെയിൻ ഓപ്പറേറ്റർ ആയിരുന്നു. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ജൂൺ എട്ടിനാണ് കുഞ്ഞ് ജനിക്കുന്നത്.
ആറു ദിവസം പ്രായമുള്ള ആൺകുട്ടി ഭക്ഷണവും വെള്ളവും ലഭിക്കാതെ നിർജലീകരണം സംഭവിച്ച അവസ്ഥയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. കുറച്ചുദിവസങ്ങൾക്കൂടി കുഞ്ഞിന് ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നാണ് വിവരം.
സഹാരൺപുർ സ്വദേശിയിൽ നിന്ന് കാഷിഫ് അഞ്ച് ലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഈ ആഴ്ച പണം തിരികെ നൽകേണ്ടതായിരുന്നു. എന്നാൽ അതിന് സാധിക്കാത്തതിനാൽ ദമ്പതികൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ക്ലെമന്റ് ടൗൺ പൊലീസ് വ്യക്തമാക്കി.

