Saturday, May 11, 2024
spot_img

കഞ്ചാവ് കടത്ത് കേസ്: പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

മുട്ടം: കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട വ്യത്യസ്‍ത കേസുകളിലെ രണ്ട് പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. നാലുവർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. തിരുവല്ല പരുമല ഭാഗത്ത് തെക്കേതിൽ വീട്ടിൽ ശിവപ്രസാദ് (38), കാന്തല്ലൂർ ആറാം വാർഡിൽ 217-ാം നമ്പർ വീട്ടിൽ രാമകൃഷ്ണൻ (31) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി ജി. അനിലിന്റേതാണ് വിധി.

അതേസമയം പിഴ അടച്ചില്ലെങ്കിൽ ഇരുവരും ഒരു വർഷം വീതം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതിവിധിയിൽ പറയുന്നു. 2016 ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ചിന്നാർ എക്സൈസ് ചെക്പോസ്റ്റിൽ വാഹനപരിശോധനക്കിടെയാണ് 1.180 കി.ഗ്രാം കഞ്ചാവുമായി രാമകൃഷ്ണൻ മൂന്നാർ എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന രാജീവ് ബി. നായരുടെയും സംഘത്തിന്‍റെയും പിടിയിലായത്.

2017 സെപ്റ്റംബർ 18-നാണ് മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന് മുന്നിൽ വെച്ച് 1.100 കി.ഗ്രാം കഞ്ചാവുമായി ശിവപ്രസാദിനെ പിടികൂടിയത്. തുടർന്ന് കോട്ടയം എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന വി.ആർ. സജികുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. രണ്ട് കേസിലും പ്രോസിക്യൂഷനു വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.

Related Articles

Latest Articles