ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 15,786 പേർക്ക് കൂടി കോവിഡ് (Covid) രോഗബാധ സ്ഥിരീകരിച്ചു, കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് കേസുകളിൽ 14 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനമാണ്. കഴിഞ്ഞ 53 ദിവസങ്ങളായി പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിന് താഴെയാണ്.
കേരളത്തില്‍ 8,733 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍, ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 1,75,745 ആണ്. ഇത് 232 ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് ആകെ രോഗബാധിതരിൽ 0.51 ശതമാനം പേർ മാത്രമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,641 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,35,14,449 ആയി. മൊത്തം കേസുകളുടെ ഒരു ശതമാനത്തില്‍ താഴെയാണ് രാജ്യത്തെ സജീവ കേസുകള്‍.

