തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 86 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു. 37,488 പേർ നിലവിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 47, 452 സാംപിളുകൾ പരിശോധിച്ചു. 2862 പേർ രോഗമുക്തരായി.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ രോഗബാധിതർ. രോഗത്തിന്റെ ഉറവിടെ വ്യക്തമല്ലാത്തവരുടെ എണ്ണവും കൂടുതലാണ്. 826 പേർക്കാണ് തിരുവനന്തപുരത്ത് രോഗബാധ. ഇന്നലെമാത്രം ജില്ലയിൽ 2014 പേർ രോഗനിരീക്ഷണത്തിലായി. കൊല്ലം ജില്ലയിൽ മരണത്തെ മുഖാമുഖം കണ്ട കോവിഡ് രോഗി അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത് നമ്മുടെ ചികിത്സാരഗത്തെ നേട്ടമാണ്. പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിലാണ് കോവിഡ് അതിജീവനത്തിന്റെ ഈ ഉദാഹരണം. 43 ദിവസം വെന്റിലേറ്ററിൽ അതിൽ 20 ദിവസം കോമാ സ്റ്റേജിലുമായിരുന്നു ശാസ്താംകോട്ട പള്ളിശേരക്കൽ സ്വദേശി ടൈറ്റസ്(54).
ഇദ്ദേഹം മത്സ്യവിൽപ്പന തൊഴിലാളിയാണ്. കഴിഞ്ഞ ജൂലൈ ആറിനാണ് കോവിഡ് പോസിറ്റീവ് ആയത്. അങ്ങനെയാണ് മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി എത്തിയത്. ജീവൻരക്ഷാ മരുന്നുകൾ ഉയർന്ന ഡോസിൽ നൽകേണ്ടതായി വന്നു. 6 ലക്ഷം രൂപ വിനിയോഗിച്ച് വെന്റിലേറ്ററിൽ തന്നെ ഡയാലിസിസ് എസിഇഒകളും സ്ഥാപിച്ചു. മുപ്പതോളം തവണ ഡയാലിസിസും 2 തവണ പ്ലാസ്മാ തെറാപ്പിയും നടത്തി. ജൂലൈ 15ന് കോവിഡ് നെഗറ്റീവ് ആയി. എന്നാൽ കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വെന്റിലേറ്ററിലും ഐസിയുവിലും തുടർന്നു. ഓഗസ്റ്റ് 20ന് വാർഡിലേക്ക് മാറ്റി, ഫിസിയോതെറാപ്പിയുലൂടെ സംസാരശേഷിയും ചലനശേഷിയും വീണ്ടെടുത്തു. ആരോഗ്യപ്രവർത്തകരുടെ 72 ദിവസത്തെ അശ്രാന്തപരിശ്രമത്തിൽ ടൈറ്റസ് ഇന്നലെ ആശുപത്രി വിട്ടു

