ദില്ലി: മനുഷ്യരിൽ കോവിഡ് വാക്സിൻ പരീക്ഷണത്തിനു പ്രമുഖ മരുന്നു നിർമാണ കമ്പനി, അഹമ്മദാബാദ് ആസ്ഥാനമായ സെഡസ് കാഡിലയ്ക്കും ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. വാക്സിൻ പരീക്ഷണ നടപടിക്രമങ്ങൾ അതിവേഗത്തിലാക്കാനുള്ള തീരുമാനത്തിന്റെ തുടർച്ചയാണിത്.
കേന്ദ്ര സർക്കാരിന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ചേർന്നു വാക്സിൻ പരീക്ഷണം നടത്തുന്ന ഭാരത് ബയോടെക്കിനാണു സാധ്യതാ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഇന്ത്യയിൽ ആദ്യം അനുമതി ലഭിച്ചത്. ഇവരോട് ക്ലീനിക്കൽ ട്രയൽ ഓഗസ്റ്റ് 15ന് മുൻപ് പൂർത്തിയാക്കാൻ ഐസിഎംആർ നിർദേശിച്ചു.
ഇതു വിജയിച്ചാൽ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വാക്സിൻ സംബന്ധിച്ച പ്രഖ്യാപനം നടത്താനാണു തീരുമാനം. ഇതനുസരിച്ചാണ് പരീക്ഷണം വേഗത്തിലാക്കാൻ ഐസിഎംആർ നിർദേശം.
എന്നാൽ വാക്സിന്‍ പുറത്തിറക്കുന്നത് ക്ലിനിക്കല്‍ ട്രയലുകളുടെ പരീക്ഷണവിജയത്തെ ആശ്രയിച്ചിരിക്കുമെന്ന് ഐസിഎംആർ വ്യക്തമാക്കി. പ്രീ ക്ലിനിക്കൽ പരീക്ഷണത്തിൽ വാക്സിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യരിൽ പരീക്ഷിക്കാൻ കമ്പനികൾക്ക് അനുമതി ലഭിച്ചത്.

