ചെർപ്പുളശ്ശേരി: പാലക്കാട് വെള്ളിനേഴിയിൽ പശു ഫാമിലെ ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു. ഫാമിലെജോലിക്കാരിയായിരുന്ന അന്യസംസ്ഥാന തൊഴിലാളിയായ യുവതിയും ഒന്നര വയസ്സുള്ള കുഞ്ഞുമാണ് മരിച്ചത്. ഷൈമിലി(30), സമീറാം എന്നിവരാണ് മരിച്ചവർ.
ബംഗാൾ സ്വദേശി ബസുദേവിൻ്റെ ഭാര്യയും കുഞ്ഞുമാണ് മരിച്ചത്. ഇയാളും ഈ ഫാമിലെ തൊഴിലാളിയാണ്. വെള്ളിനേഴി പഞ്ചായത്തിലെ 13-ാം വാർഡിലെ പാറക്കുണ്ട് ഭാഗത്ത് ചെട്ടിയാർ തൊടി രതീഷിൻ്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ബസുദേവ് ജോലി ചെയ്യുന്നത്. ആറടിയോളമുള്ള വെട്ടുകല്ലിൽ നിർമിച്ച ജലസംഭരണി തകർന്നതിനടിയിൽ പെട്ടാണ് ദുരന്തം. പശുക്കളെ തീറ്റിക്കാനായി കൊണ്ട് പോയി തിരികെ കൊണ്ട് വന്നപ്പോഴാണ് ടാങ്ക് തകർന്ന് കിടക്കുന്നത് ബസുദേവ് കണ്ടത്. ഷൈമിലി കല്ലുകൾക്കിടയിലും കുഞ്ഞ് അൽപ്പം മാറിയുമാണ് കിടന്നിരുന്നത്. ഉടൻ തന്നെ ഫാം ഉടമയെയും പോലീസിനെയും അഗ്നി രക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു.

