Pin Point

മിലൻ കാ ഇതിഹാസ്, , പരമ്പര -04 | ബലിദാനിയായ മുഖർജിയും ക്ലമൻ്റ് ആറ്റ്ലിയുടെ കുമ്പസാരവും | സിപി കുട്ടനാടൻ

ആർട്ടിക്കിൾ 370 നൽകി കാശ്മീരിനെ ഇന്ത്യയുടെ പരമാധികാരത്തിൽ നിന്നും ഒഴിവാക്കിയ കോൺഗ്രസ്സിൻ്റെ നടപടിയ്‌ക്കെതിരെ ഒരു ശക്തമായ രാഷ്ട്രീയ പാർട്ടി ആവശ്യമാണെന്ന് മനസിലാക്കി ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ ആർഎസ്എസിൻ്റെ ആശീർവാദത്തോടെ ഭാരതീയ ജനസംഘം എന്ന രാഷ്ട്രീയപാർട്ടി 1951 ഒക്ടോബർ 21ന് രൂപവത്കരിച്ചു. ആർഎസ്എസ് പ്രചാരകർ ആയിരുന്ന നാനാജി ദേശ്മുഖ്, അടൽ ബിഹാരി വാജപേയി, ലാൽ കൃഷ്ണ അദ്വാനി, ദിനദയാൽ ഉപാദ്ധ്യായ, ദേവപ്രസാദ്‌ ഘോഷ് എന്നിവരും ജനസംഘത്തിൻ്റെ നേതൃത്വം കയ്യാളി. ഈ ആർട്ടിക്കിൾ റദ്ദാക്കുന്നതിനായി ഭാരതീയ ജനസംഘവും ഹിന്ദു മഹാസഭയും ജമ്മു പ്രജാ പരിഷത്തും ചേർന്ന് ഒരു വിപുലമായ സത്യാഗ്രഹം ആരംഭിച്ചു.

1952 മേയ് മാസം നടന്ന ‘അഭിനവ് ഭാരത്’ സമ്മേളന വേദിയിൽ വീർ സവർക്കർ ഗംഭീരമായ പ്രസംഗം നടത്തി. അതിൽ തന്ത്രപ്രധാനമായ പല ഭൂപ്രദേശങ്ങളും ഇന്ത്യയോട് കൂട്ടിച്ചേർക്കുന്നതിനെപ്പറ്റി അദ്ദേഹം പരാമർശിച്ചിരുന്നു. കൂടാതെ ദില്ലിയിലെ ചുവപ്പു കോട്ടയിൽ യൂണിയൻ ജാക്ക് താഴ്ത്തി ത്രിവർണ്ണ പതാക ഉയർത്തി ഭാരത് മാതാ കീ ജയ് മുഴങ്ങുന്നതിന് ഇട വരുത്തിയതിൽ നിർണ്ണായക പങ്കുവഹിച്ചത് പൊരുതി വീണ നേതാജിയും ഇൻഡ്യൻ നാഷണൽ ആർമിയുമാണെന്നത് അനിഷേധ്യ യാഥാർത്ഥ്യമാണെന്നതിന് ചരിത്രം തന്നെ സാക്ഷി. ‘Long live deathless Subhash. Victory to goddess of freedom”. (മരണമില്ലാത്ത സുഭാഷ് നീണാൾ വാഴട്ടെ, സ്വാതന്ത്ര്യത്തിൻ്റെ ദേവത വിജയിക്കട്ടെ) എന്നും പ്രസംഗത്തിലുണ്ടായിരുന്നു. ഇതിലെ വസ്തുതകൾ അന്വേഷിച്ചു പോയാൽ നാം ചെന്ന് നിൽക്കുന്ന സമാന അഭിപ്രായ പ്രകടനം ഉണ്ടായിരിയ്ക്കുന്നത് ശ്രീ. ഭീംറാവു അംബേദ്ക്കറിൽ നിന്നുമാണ്. അത് വഴിയേ പറയാം അപ്പോൾ വായനക്കാർക്ക് മനസ്സിലാകും.

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനായി പാർലമെണ്ടിനകത്തും പുറത്തും ശ്യാമപ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ പോരാട്ടം ശക്തമായി. 1952 ജൂൺ 26ന്‌ ചെയ്ത ലോക്‌സഭാ പ്രസംഗത്തിൽ അദ്ദേഹം ഈ വ്യവസ്ഥയ്‌ക്കെതിരെ ശക്തമായി ശബ്ദമുയർത്തി. ആർട്ടിക്കിൾ 370 ഷെയ്ഖ് അബ്ദുല്ലയുടെ ത്രിരാഷ്ട്ര സിദ്ധാന്തമാണെന്ന് മുഖർജി പ്രസ്താവിച്ചു.

ആർട്ടിക്കിൾ 370 നിലനിൽക്കുന്നത് ഇന്ത്യയുടെ ബാൽക്കനൈസേഷൻ സംഭവിയ്ക്കാൻ ഇടവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. (ഒരു വലിയ പ്രദേശത്തെയോ സംസ്ഥാനത്തെയോ ചെറിയ ചെറിയ പരമാധികാരങ്ങളിലേക്ക് ചുരുക്കുന്നതിനെ വിശേഷിപ്പിയ്ക്കുന്ന ഒട്ടും അഭിനന്ദനപരമല്ലാത്ത പ്രയോഗമാണ് ബാൽക്കനൈസേഷൻ. ബാൽക്കൻ യുദ്ധങ്ങളുമായി ഈ പദം ബന്ധപ്പെട്ടിരിയ്ക്കുന്നു.)

ജമ്മുകശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് ഗുണകരമായ തീരുമാനം സർക്കാരുകളെക്കൊണ്ട് എടുപ്പിയ്ക്കാനായി ദേശവ്യാപക പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയ ശ്യാമപ്രസാദ് മുഖർജിയെ കശ്മീർ ഭരണകൂടം തടവിലാക്കി. ഫറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ സർക്കാരിൻ്റെ കസ്റ്റഡിയിലായിക്കവേ 1953 ജൂൺ 23ന് ശ്യാമപ്രസാദ് മുഖർജി ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു. അദ്ദേഹത്തെ ജയിലിലിട്ടു കൊന്നതാണെന്ന വാദത്തിനാണ് പ്രാമുഖ്യം. കാശ്മീരിൻ്റെ ഇന്ത്യാ സംയോജനത്തിനായി ബലിദാനം ചെയ്ത പ്രമുഖനാണ് ഡോ. മുഖർജി.

കാലാനുഗതമായി മറ്റു പ്രദേശങ്ങളുടെ ‘മിലാന’യും സംഭവിച്ചുപോന്നു. മയ്യഴിഗാന്ധി എന്നറിയപ്പെട്ടിരുന്ന മാഹിയുടെ വിമോചന പോരാളി ഐ.കെ.കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾക്കൊടുവിൽ ഫ്രഞ്ചുകാർ കൈവശം വച്ചിരുന്ന കാരയ്ക്കൽ, പുതുച്ചേരി, യാനം, ചന്ദ്രനാഗോർ എന്നീ പ്രദേശങ്ങൾക്കൊപ്പം മാഹിയും 1954 ജൂലൈ 16ന് ഇന്ത്യൻ യൂണിയൻ്റെ ഭാഗമായി.

ഇനി അനുക്രമമായി സവർക്കറുടെ പ്രസംഗത്തിലെ വസ്തുതാന്വേഷണത്തിലേക്ക് നമുക്ക് സഞ്ചരിയ്ക്കാം. 1947ൽ നമുക്ക് ബ്രിട്ടീഷുകാരിൽ നിന്നും ലഭ്യമായ സ്വാതന്ത്ര്യം നമ്മുടെ മിടുക്കുകൊണ്ടാണെന്ന് അഭിമാനിയാക്കാൻ പരിപൂർണമായ അർത്ഥത്തിൽ സാധിയ്ക്കില്ല. ഇന്ത്യാ ചരിത്രം മനസ്സിലാക്കുമ്പോൾ ബ്രിട്ടീഷ് രേഖകകളടക്കം നമ്മൾ പരിശോധിച്ചാൽ മാത്രമേ ഓരോ കാര്യങ്ങൾ ഇന്ത്യയിൽ ചെയ്യുമ്പോഴുള്ള ബ്രിട്ടീഷ് താത്പര്യങ്ങളും ബ്രിട്ടീഷുകാരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി ഇന്ത്യൻ ജനത നടത്തിയ സംഭവങ്ങളെ ബ്രിട്ടീഷ് ഭരണം നോക്കിക്കണ്ട രീതികളും മനസിലാക്കാൻ സാധിയ്ക്കൂ.

നമുക്ക് വേണ്ടി സമരമുഖങ്ങൾ സൃഷ്ടിച്ച ധീര ദേശാഭിമാനികളുടെ സ്വാതന്ത്ര്യ അഭിവാഞ്ഛയെ കുറച്ചു കാണുവാൻ ഉദ്ദേശിച്ചല്ല ഈ സംഗതി പറയുന്നത്. സത്യം കണ്ടെത്താനുള്ള ശ്രമങ്ങൾ മാത്രമാണ്. ആ സത്യം മറച്ച് വയ്ക്കുവാനുള്ള ആസൂത്രിത ശ്രമങ്ങൾക്ക് നേരെ ചരിത്രത്തോട് ഒപ്പം സഞ്ചരിക്കുകയും മുന്നിൽ നിന്നു നയിക്കുകയും ചെയ്ത ഡോ ഭീംറാവ് അംബേദ്കർ തന്നെയാണ് ചോദ്യങ്ങൾ ഉയർത്തിത്തുടങ്ങിയതെന്നതും വളരെ ശ്രദ്ധേയമാണ്.

“എനിക്കറിയില്ല മിസ്റ്റർ ആറ്റ്ലി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുവാൻ പെട്ടെന്നു തീരുമാനിച്ചത് എങ്ങനെയാണെന്ന്”. ഡോ. ഭീംറാവ് അംബേദ്കർ 1955 ഫെബ്രുവരിയിൽ ബ്രിട്ടീഷ് പത്രപവർത്തകൻ ഫ്രാന്‍സ് വാട്സണ് നൽകിയ അഭിമുഖത്തിൽ നടത്തിയ പ്രസ്താവനയാണിത്. ഭാരതത്തിന് സ്വാതന്ത്ര്യം നൽകാൻ നിശ്ചയിച്ച, ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമൻ്റ് ആറ്റ്ലി അന്ന് അങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ആരും കരുതിയിരുന്നില്ല എന്നതാണ് ഡോ അംബേദ്കർ ആ അഭിമുഖത്തിൽ എടുത്തു പറഞത്. ആറ്റ്ലി സ്വന്തം ആത്മകഥ എഴുതുമ്പോൾ അതിൻ്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തുമെന്ന പ്രതീക്ഷയും ബിബിസി പ്രക്ഷേപണം ചെയ്ത ആ അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചു.

ചൈനയുടെ അതിക്രമമുണ്ടായിട്ടും പോലീസുകാരുടെ ജീവൻ നഷ്ടപ്പെട്ടിട്ടും ചൈനയോടുള്ള അനുഭാവത്തിന് നെഹ്‌റുവിൽ കുറവ് വന്നില്ല. ചൈനയെപ്പോലുള്ള ഒരു വലിയ ശക്തിയെ അംഗീകരിയ്ക്കാതെ, അന്താരാഷ്ട്ര സംവിധാനത്തിൽ അതിന് ഉചിതമായ സ്ഥാനം നൽകാതെ ഏഷ്യയിൽ സമാധാനം ഉറപ്പാക്കാൻ കഴിയില്ലെന്ന് നെഹ്‌റു വിശ്വസിച്ചു. കൂടാതെ “ഇന്ത്യക്ക് യുഎൻ രക്ഷാസമിതിയിൽ സ്ഥിരമായ ഒരു അംഗമാവാനുള്ള യോഗ്യതയുണ്ട്. എന്നാൽ ഞങ്ങൾക്ക് അത് ചൈനയുടെ പേരിൽ വേണ്ട” എന്ന് 1955 സെപ്തംബറിൽ, ലോക്‌സഭയിൽ നെഹ്‌റു പ്രസ്താവിച്ചു. നെഹ്രുവിൻ്റെ ഈ പ്രസ്താവനയ്ക്ക് ഒരു പിന്നാമ്പുറമുണ്ട്. അതെന്താണെന്ന് നമുക്ക് പരിശോധിയ്ക്കാം.

അതെന്തെന്നാൽ റിപ്പബ്ലിക് ഓഫ് ചൈനയ്ക്ക് (ചൈന പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയാകുന്നത് അതായത് ജനകീയ ചൈനയാകുന്നത് 1971ലാണ്. ജനാധിപത്യമില്ലാത്ത ജനകീയ ചൈന എന്ന് കേൾക്കുമ്പോൾ എനിയ്ക്ക് ചിരി വരാറുണ്ട്, നിങ്ങൾക്ക് അങ്ങനെയുണ്ടോ മാന്യ വായനക്കാരെ) ഐക്യരാഷ്ട്രസഭയുടെ രക്ഷാ കൗൺസിൽ (യുഎൻഎസ്‌സി) സ്ഥിരാംഗത്വം മുമ്പ് തന്നെ ഉണ്ടായിരുന്നു.

ഇതിൽ നിന്നും ചൈനയെ നീക്കം ചെയ്യാനും ഇന്ത്യയെ പകരം വയ്ക്കാനുമുള്ള അമേരിക്കൻ ആഗ്രഹത്തെ പരാമർശിച്ചു കൊണ്ട് 1950 ഓഗസ്റ്റിൽ യുഎസിലെ ഇന്ത്യൻ അംബാസഡർ വിജയലക്ഷ്മി പണ്ഡിറ്റ് മുഖേന അമേരിക്കൻ സർക്കാർ ഡൽഹിയ്ക്ക് കത്തയച്ചു. എന്നാൽ ഇതിനെ ഗൗരവത്തിലെടുക്കാൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു തയ്യാറായില്ല. അന്നത്തെ ലോക സാഹചര്യത്തിൽ (കൊറിയൻ യുദ്ധം) ഇന്ത്യയെ കരുവാക്കാനുള്ള അമേരിക്കയുടെ തന്ത്രമായി നെഹ്‌റു ഇതിനെ കണക്കുകൂട്ടി. ചൈനയ്ക്ക് അനിഷ്ടമുണ്ടാകുന്ന ഒരു പ്രവൃത്തി ചെയ്യാൻ നെഹ്‌റു വിസമ്മതിച്ചു.

അമേരിക്കയുടെ വാഗ്ദാനം ഇന്ത്യ സ്വീകരിച്ചിട്ട് അവസാനം യുഎൻഎസ്‌സിയിൽ സ്ഥിരാംഗത്വം നേടാൻ ഇന്ത്യയ്ക്ക് സാധിയ്ക്കാതെ വന്നാൽ അത് പിന്നീട് ചൈനയുമായുള്ള ശത്രുതയ്ക്ക് കാരണമാകുമെന്ന വിഡ്ഢിത്തമാർന്ന വിലയിരുത്തലും അദ്ദേഹം നടത്തി. (അതിനുള്ള തെളിവാണ് പിൽക്കാല ഇന്ത്യാ ചൈനാ ബന്ധം) ചൈനയെ ശത്രുവാക്കാതിരിയ്ക്കാൻ നെഹ്‌റു ഇത്രയേറെ കഷ്ടപ്പെട്ടിട്ടും എന്തുകൊണ്ട് ചൈന ഇന്ത്യയുടെ നിതാന്ത ശത്രുവായി എന്നതിന് കോൺഗ്രസ്സുകാരോ നെഹ്രുവിൻ്റെ പാണന്മാരോ മറുപടി തരില്ല.

കാരണം കമ്യുണിസ്റ്റ് സാമ്രാജ്യത്വ ബോധത്തെ നെഹ്‌റു വിലയിരുത്തിയത് ഒരു കമ്യുണിസ്റ്റ് മനസുമായിട്ടായിരുന്നിരിയ്ക്കണം. തന്മൂലം ചൈനയുടെ അംഗത്വം ഇപ്പോഴും അവർ തുടരുന്നു. മാത്രമോ., ഇന്ത്യ ഇപ്പോൾ രക്ഷാ കൗൺസിൽ മെമ്പറാകുവാൻ ശ്രമിയ്ക്കുന്നത് വീറ്റോ ചെയ്ത് തടഞ്ഞുകൊണ്ടുമിരിയ്ക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് നാശമുണ്ടാകുന്ന ഒരു തീരുമാനമാണ് നെഹ്‌റു എന്ന ഭരണാധികാരി ഇന്ത്യക്ക് നൽകിയതെന്ന് ഇതിലൂടെ നിസ്സംശയം മനസിലാക്കാം.

1956 ആഗസ്റ്റിൽ, സ്വതന്ത്ര ഇന്ത്യ സന്ദർശിയ്ക്കാൻ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമൻ്റ് ആറ്റ്ലി എത്തിച്ചേർന്നു. അന്ന് അദ്ദേഹം വെസ്റ്റ് ബംഗാൾ ഗവർണറായിരുന്ന ജസ്റ്റീസ് പി ബി ചക്രവർത്തിയോട് നടത്തിയ വെളിപ്പെടുത്തലുകൾ അംബദ്കർജി ഉയർത്തിയ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകി.

ജസ്റ്റീസ് ചക്രവർത്തി ചോദിച്ചു: ഗാന്ധിയുടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം വേഗത്തിൽ തകര്‍ന്നു. അന്തർദേശീയ രംഗത്ത് ബ്രിട്ടന് ഭാരതത്തിൽ നിന്ന് അധികാരം വിട്ടു പോകുവാനുള്ള പ്രത്യേകിച്ചൊരു സമ്മർദ്ദവും ഉരുത്തിരിഞ്ഞു വന്നതുമില്ല. പിന്നെ എന്തുകൊണ്ടാണ് ബ്രിട്ടീഷുകാർക്ക് 1947ൽ ഇന്ത്യ വിടേണ്ടി വന്നത്..?

ആറ്റ്ലി പല കാര്യങ്ങൾ പറഞ്ഞുവെങ്കിലും നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ പ്രഭാവം കാരണം ഇൻഡ്യൻ ആർമിയിലെയും നേവിയിലെയും റോയൽ എയർഫോഴ്സിലെയും ഇൻഡ്യൻ പടയാളികളുടെയിടയിൽ ബ്രിട്ടീഷ് ഭരണകിരീടത്തോടുള്ള വിധേയത്വത്തിലും പ്രതിജ്ഞാബദ്ധതയിലും ഉണ്ടായ ഇടിവും, രാഷ്ട്ര വിമോചനത്തിനായി അവർ മുന്നിൽ കണ്ട സാദ്ധ്യതകളുമാണ് ഇന്ത്യ വിടുവാൻ ആ ഘട്ടത്തിൽ ബ്രിട്ടീഷ് ഭരണകൂടത്തെ നിർബന്ധിതമാക്കിയെന്നത് കൃത്യമായും വ്യക്തമാക്കി. തുടർന്ന് ജസ്റ്റീസ് ചക്രവർത്തി ചോദിച്ചത് ബ്രിട്ടീഷ് പിൻമാറ്റത്തിൽ ഗാന്ധിജിയുടെ പങ്ക് എത്രയുണ്ടെന്നായിരുന്നു. തികച്ചും അർത്ഥ ഗർഭമായ ഭാവപ്രകടനത്തോടെ ആറ്റ്ലി നൽകിയ മറുപടി ‘Minimal’ (വളരെ കുറവ്) എന്നായിരുന്നു.

48 വർഷങ്ങൾ കൂടുമ്പോൾ ഇന്നത്തെ മിസോറാം പ്രദേശങ്ങളിലുണ്ടാകുന്ന പ്രകൃതി ദുരന്തമായ ‘മൗതം’ എന്ന പ്രതിഭാസം 1959ൽ (അന്ന് ആസാം സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്നു മിസോറാം, 1987ലാണ് മിസോറം സംസ്ഥാനം രൂപീകൃതമാകുന്നത്) ഉണ്ടായതിനെ തുടർന്ന് സംസ്ഥാന സർക്കാരിന് അതിനെ പര്യാപ്തമായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിയ്ക്കാതെ വരികയും ഒപ്പം ആസാം ദേശീയത ഉയർന്നു വരികയും അതിനെതിരായി മിസോ ഗോത്ര ബോധം ഉണർന്നു പ്രതിരോധ ശ്രമം നടക്കുകയും അതിനെതുടർന്ന് അതൊരു വിഘടന വാദത്തിലേക്ക് ക്രമേണ എത്തിച്ചേരുകയും ചെയ്തു.

1959 സെപതംബറിൽ ദില്ലിയിൽ പരിമിതമായ സൗകര്യങ്ങളിൽ ആരംഭിയ്ക്കപ്പെട്ട ദൂരദർശൻ എന്ന സർക്കാർ ചാനൽ ആദ്യമൊക്കെ ഡൽഹിയിൽ മാത്രവും പിന്നീട് ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും മാത്രമായി വാർത്തകൾ പ്രക്ഷേപണം ചെയ്തിരുന്നു. (1982ലാണ് ദേശീയാടിസ്ഥാനത്തിലുള്ള വിപുലമായ പ്രക്ഷേപണ പരിപാടികൾ ദൂരദർശൻ ചെയ്തത്). ഇത് ദേശീയോദ്ഗ്രഥനത്തിന് വളരെയധികം സഹായകരമായി. ഇന്ത്യയൊട്ടാകെയുള്ള ജനങ്ങൾ (ഹിന്ദി അറിയാത്തവർ പോലും) ദൂരദർശൻ്റെ ഗുണമേന്മയുള്ള പരിപാടികളിലൂടെ ദേശീയതയിൽ സഞ്ചരിച്ചു.

തുടരും….

admin

Recent Posts

സത്രങ്ങൾ നവോത്ഥാനത്തിലേക്ക് നയിക്കും; സമൂഹത്തിലെ എല്ലാ നന്മകളെയും സ്വീകരിക്കണം; നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സജി ചെറിയാൻ

തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…

2 hours ago

‘130 കോടി ജനങ്ങളുള്ള ആണവശക്തിയായ ഭാരതം ആരേയും ഭയന്ന് സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കില്ല’; പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത്ഷാ

കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…

3 hours ago

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

3 hours ago

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്ന് പെൺകുട്ടി; നിർണായക മൊഴി പുറത്ത്!

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…

3 hours ago

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

4 hours ago

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ? രോഗി ഗുരുതരാവസ്ഥയിൽ ആയിട്ടും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണം; അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം

ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…

4 hours ago