തിരുവനന്തപുരം: ഭാരതാംബ ചിത്രം വിവാദമാക്കി ഗവർണർക്കെതിരെ പോരിനിറങ്ങിയ സിപിഐയിൽ വൻ പൊട്ടിത്തെറി. സംഘടനാ സമ്മേളനങ്ങൾ പുരോഗമിക്കുമ്പോൾ പാർട്ടിയിലെ തമ്മിലടിയും വിഭാഗീയതയും മറനീക്കി പുറത്തുവരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പദവിയിലിരിക്കാൻ യോഗ്യതയില്ലെന്ന അഭിപ്രായ പ്രകടനം നടത്തിയ മുതിർന്ന നേതാക്കൾക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാന നേതൃത്വം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ എം സദാനന്ദനുമാണ് ബിനോയ് വിശ്വത്തിനെതിരെ പ്രസ്താവന നടത്തിയത്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്താക്കുകയായിരുന്നു.
ഇരുവരോടും വിശദീകരണം നൽകാൻ പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഫോൺ സംഭാഷണം ചെറിയകാര്യമാണെന്നാണ് ബോനോയ് വിശ്വത്തിന്റെ പരസ്യ നിലപാടെങ്കിലും ഇരുവരെയും ഫോണിൽ വിളിച്ച് അതൃപ്‌തി അറിയിച്ചെന്നാണ് സൂചന. വരുന്ന 22 ന് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വിശദീകരണം എഴുതി വാങ്ങാനാണ് സൂചന. മണ്ഡലം സമ്മേളനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മിക്ക സമ്മേളനങ്ങളും സംഘർഷത്തിലാണ് അവസാനിക്കുന്നത്.
മുൻ എം എൽ എ, ഇ എസ് ബിജിമോൾക്കെതിരെയും സംസ്ഥാന എക്‌സിക്യൂട്ടീവ് നടപടിയെടുത്തിട്ടുണ്ട്. ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക്. ഏലംപാറ മണ്ഡലം സമ്മേളനത്തിൽ നടന്ന തർക്കത്തിനൊടുവിലാണ് നടപടി. സമ്മേളന മാർഗരേഖ നടപ്പാക്കുന്നതിൽ ബിജിമോൾ വീഴ്ച വരുത്തിയതിനാണ് നടപടി. റാന്നി സമ്മേളനം ഉദ്‌ഘാടനം ചെയ്യാനിരുന്നത്. ബിജിമോളായിരുന്നു. എന്നാൽ വിലക്ക് വന്നതോടെ ബിജിമോൾ സമ്മേളനത്തിൽ പങ്കെടുത്തില്ല.

