Wednesday, December 24, 2025

ഗവർണർക്കെതിരെയുള്ള നീക്കങ്ങൾ ജാഗ്രതയോടെ മതിയെന്ന് സർക്കാരിന് പാർട്ടിയുടെ ഉപദേശം; രാജ്ഭവന്റെ സുരക്ഷ ഏറ്റെടുക്കാൻ സി ആർ പി എഫ് സംഘമെത്തി; എന്ത് ചെയ്യണമെന്നറിയാതെ കേരളാ പോലീസും രാജ്ഭവനിൽ തുടരുന്നു

തിരുവനന്തപുരം: കൊല്ലത്ത് ഗവർണറുടെ വാഹനം എസ് എഫ് ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സുരക്ഷ ഏറ്റെടുക്കാൻ കേന്ദ്രം തീരുമാനിച്ചതോടെ രാജ്ഭവനിൽ 31 അംഗ സി ആർ പി എഫ് സംഘമെത്തി. അവർ രാജ്ഭവൻ അധികൃതരുമായി ചർച്ച നടത്തി. സുരക്ഷാ പഠനം നടത്തിയ ശേഷം സി ആർ പി എഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും. അതേസമയം ഗവർണർക്കെതിരായ നീക്കങ്ങളിൽ ജാഗ്രത വേണമെന്ന് സർക്കാരിന് പാർട്ടിയുടെ മുന്നറിയിപ്പ് ലഭിച്ചതായി സൂചന. ഗവർണറുടെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തതിന് പിന്നാലെ ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരുന്നു. മാത്രമല്ല സംസ്ഥാനത്തെ ക്രമസമാധാനത്തെ കുറിച്ച് ഗവർണർ പ്രതിമാസ റിപ്പോർട്ട് അയക്കാനിരിക്കുന്നു. ഗവർണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാനുള്ള അധികാരമുണ്ട്. ഈ പശ്ചാത്തലത്തിലാണ് സർക്കാരിന് പാർട്ടിയുടെ മുന്നറിയിപ്പ്. സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.

അതേസമയം 31 അംഗ സംഘമാണ് ഇപ്പോൾ രാജ്ഭവനിൽ എത്തിയിരിക്കുന്നത്. കേരളാ പോലീസും രാജ്ഭവനിൽ തുടരുന്നുണ്ട്. സുരക്ഷ ഏറ്റെടുത്ത് കൊണ്ടുള്ള കേന്ദ്രത്തിന്റെ കത്ത് നിലവിൽ രാജ്ഭവന് മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും കത്ത് ലഭിച്ചാൽ കേരളാ പോലീസ് പിന്മാറുമെന്നാണ് സൂചന. കേന്ദ്രസേനയെ രാജ്ഭവനിലേക്കയച്ചത് ജനാധിപത്യ വിരുദ്ധവും, ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണെന്ന് എൽ ഡി ഫ് കൺവീനർ ഇ പി ജയരാജനും പ്രതികരിച്ചിട്ടുണ്ട്.

Related Articles

Latest Articles