എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിസ്ഥാനത്തുള്ള മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പിപി ദിവ്യക്കെതിരെ ഒടുവിൽ നടപടിയുമായി സിപിഎം. ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കം ചെയ്യാനുള്ള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഇതോടെ ദിവ്യ ബ്രാഞ്ച് അംഗം മാത്രമായി മാറും. പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെയാണ് കോടതി ഉത്തരവ്.
അതേസമയം എഡിഎമ്മിന്‍റെ യാത്രയയപ്പ് ദിവസം പ്രശാന്ത് വിജിലൻസ് ഓഫീസിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പിപി ദിവ്യയെ പ്രതിയാക്കിയ ആത്മഹത്യ പ്രേരണ കേസിൽ അന്വേഷണം അവസാനഘട്ടത്തിലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതുവരെ നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ മൊഴി പ്രത്യേക അന്വേഷണസംഘം എടുത്തിട്ടില്ല. കളക്ടറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല.
നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങളും തേടുകയാണ് പൊലീസ്. എ ഗീത ഐഎഎസിന്‍റെ മൊഴിയെടുക്കും. കളക്ടർ ഉൾപ്പെടെ സംഭവുമായി ബന്ധപ്പെട്ട നിരവധി പേരുടെ മൊഴിയെടുത്ത ലാൻഡ് റവന്യൂ ജോയിന്‍റെ കമ്മീഷണർ എ ഗീത, എഡിഎമ്മിന് വീഴ്ചയുണ്ടായില്ലെന്നാണ് റിപ്പോർട്ട് നൽകിയത്. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്ന് പ്രതിഭാഗം കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നു. ഫോൺ വിളി രേഖകളുൾപ്പെടെ തെളിവ് നിരത്തിയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് വകുപ്പുതല അന്വേഷണം നടത്തിയ ഉദ്യോഗസ്ഥയുടെ മൊഴിയെടുക്കുന്നത്.

