ഇ പി ജയരാജന്റെ ആത്മകഥാ വിവാദം സൃഷ്ടിച്ച തിരിച്ചടിയിൽ നിന്ന് കര കയറാൻ പാലക്കാട് ഉപ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇ പി ജയരാജനെ തന്നെ രംഗത്തിറക്കാൻ സിപിഎം. ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി സരിനിനു വേണ്ടി പ്രചാരണം നടത്തും. ആത്മകഥയിലെ സരിന് എതിരായ പരാമർശത്തിന് പിന്നാലെയാണ് സിപിഎം നീക്കം. പി സരിൻ വയ്യാവേലിയാകുമെന്നായിരുന്നു പുസ്തകത്തിലെ പരാമർശം.
വൈകുന്നേരം അഞ്ചുമണിക്ക് മുനിസിപ്പൽ ബസ്റ്റാൻഡിൽ പൊതുയോഗത്തിൽ ഇപി സംസാരിക്കും. അതേസമയം ആത്മകഥാ വിവാദത്തിൽ ഇപി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പരാതിയിൽ ഇപി പരാതിയിൽ ആരോപിക്കുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും വോട്ടെടുപ്പ് ദിനം തന്നെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും പരാതിയിൽ പറയുന്നു.
എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബ്ബലമാണെന്നും ആത്മകഥയിൽ വിമർശനമുണ്ടായിരുന്നു. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ട്. എന്നാൽ പുസ്തകത്തിന്റെ പ്രസാധകരായ ഡിസി ബുക്സ് ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്നറിയിച്ചെങ്കിലും മാദ്ധ്യമങ്ങളിൽ വന്ന ഉള്ളടക്കം നിഷേധിച്ചിട്ടില്ല
ഇന്നലെ രാത്രി തന്നെ ഡിസി ബുക്സ് അവരുടെ പേജിൽ ഇപിയുടെ ആത്മകഥ വരുന്ന കാര്യം പരസ്യപ്പെടുത്തിയിരുന്നു. കട്ടൻ ചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിൻറെ ജീവിതം എന്ന പുസ്തകത്തിൻ്റെ മുഖ ചിത്രം വരെ നൽകിയിരുന്നു. ഇപിയെ ടാഗ് ചെയ്തായിരുന്നു അറിയിപ്പ്.

