Monday, January 5, 2026

ദുരിതാശ്വാസ നിധി പാർട്ടിക്കാർക്ക് മാത്രം; സാധാരണക്കാർക്ക് ദുരിതം മാത്രം; ആടിനെ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുത്തവർ ചിന്തിക്കണം

ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന കെ കെ രാമചന്ദ്രന്‍ 2018 ജനുവരിയില്‍ ക്യാന്‍സര്‍ ബാധിച്ചു മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്വര്‍ണ പണയ വായ്പകള്‍ ഉള്‍പ്പടെയുള്ള കുടിശിക തീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിച്ചത് മാസങ്ങൾക്ക് മുമ്പാണ്. കെ. കെ.രാമചന്ദ്രന്‍ നായര്‍ നിയമസഭയില്‍ നിന്നും വിവിധ ബാങ്കുകളില്‍നിന്നും എടുത്ത വായ്പയുടെ കുടിശികയായ 8,66,697 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നടച്ചത്. ഇതിനും പുറമേ രാമചന്ദ്രന്‍ നായരുടെ മകന് കെ എസ് ഇ ബി യില്‍ നിയമനവും നല്‍കി. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നു സ്വര്‍ണ വായ്പ എടുത്തതും വീടു നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങിയ ഇനത്തിലും കൊടുക്കാനുണ്ടായിരുന്ന കുടിശികളെല്ലാം തന്നെ സര്‍ക്കാര്‍ അടച്ചുതീര്‍ത്തു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് അന്തരിച്ച ഒരു ജനപ്രതിനിധിയുടെ സ്വകാര്യ വായ്പ കുടിശിക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണമെടുത്തുകൊടുക്കുന്നത്. സമാനമായ രീതിയിലാണ് എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മക്കളുടെ പഠനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ പൊലീസ് വാഹനം മറിഞ്ഞ് കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചു. ഈ മൂന്ന് സംഭവങ്ങളും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്നതാണ്. ദുരിതാശ്വാസ നിധിയില്‍ നിന്ന് അനധികൃതമായി പണം അനുവദിച്ചതിനെതിരെ ലോകായുക്തയില്‍ മുഖ്യമന്ത്രിയെ പ്രതിയാക്കി കേസും നടക്കുകയാണ്.

ഭരണകക്ഷിയുമായി ബന്ധപ്പെട്ടവർക്ക് ദുരിതാശ്വാസ നിധിയിൽ നിന്നും തോന്നും പോലെ പണം ചെലവഴിക്കുന്ന ഒരു സംസ്ഥാനത്താണ് വെറും ഒന്നരലക്ഷം രൂപയുടെ വായ്‌പ്പാ കുടിശ്ശികയുടെ പേരിൽ മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ അവർ ജനിച്ചു വളർന്ന വീട്ടിൽ നിന്നും സിപിഐഎം ഭരിക്കുന്ന ഒരു സഹകരണ ബാങ്ക് കഴിഞ്ഞ ദിവസം നിഷ്ക്കരുണം ഇറക്കിവിട്ടത്. ഉടുക്കാനുള്ള വസ്ത്രങ്ങളുമെടുത്ത് പാഠപുസ്തകങ്ങൾ നെഞ്ചോട് ചേർത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആ കുട്ടികൾ വീടുവിട്ടിറങ്ങിയ ദാരുണമായ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. മനുഷ്യനാകണം എന്ന് പാട്ടുണ്ടാക്കി റെക്കോർഡ് ചെയ്ത് കവലകളിൽ തുള്ളിക്കളിക്കുന്ന സഖാക്കളുടെ ഈ ക്രൂരത കണ്ടിട്ടും സാംസ്കാരിക കേരളം വൃത്തികെട്ട മൗനം പാലിക്കുന്നു. കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ ഇടപെടൽ അഭിനന്ദനീയമാണ്.

പക്ഷെ ഈ കേസിൽ ഇരട്ടച്ചങ്കന്റെ നമ്പർ വൺ കേരളം ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. 2018 ൽ മാത്രം എടുത്ത വെറും ഒന്നര ലക്ഷം രൂപയുടെ വായ്പ്പാകുടിശ്ശികയുടെ പേരിൽ രക്ഷിതാക്കളില്ലാത്ത സമയത്ത് കുട്ടികളെ കുടിയിറക്കി വീട് ജപ്തി ചെയ്യാൻ ഈ കമ്മ്യൂണിസ്റ്റ് നരാധമന്മാർക്ക് ആരാണ് അനുവാദം നൽകിയത്. വീട് ജപ്തി ചെയ്യാൻ ഉത്തരവ് നൽകുന്ന കോടതികൾ ഹൃദ്രോഗം പോലുള്ള ഗുരുതരാവസ്ഥയെ നേരിടുന്ന ഗൃഹനാഥന്റെ അവസ്ഥയെ പരിഗണിക്കാത്തത് എന്തുകൊണ്ടാണ്. കോടിയേരിയുടെ അടുക്കളയിൽ എന്തോ അടിക്ക് പിടിച്ചപ്പോൾ ഓടിയെത്തിയ കേരളത്തിലെ ബാലാവകാശ കമ്മീഷൻ എവിടെപ്പോയി? ഖദറിട്ട രാഷ്ട്രീയക്കാരനും അവന്റെ സില്ബന്ധികൾക്കും മാത്രം വീതം വച്ചെടുക്കാനുള്ളതാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി? ഇരട്ട ചങ്കുള്ള മുഖ്യമന്ത്രി ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്. കോവിഡ് കാലത്ത് ആറുമണി വാർത്താ സമ്മേളനങ്ങളിൻ ദാരിദ്ര്യം പറഞ്ഞപ്പോൾ കമ്മലു വിറ്റും ആടിനെ വിറ്റും ഈ സംസ്ഥാനത്തെ സാധാരണക്കാർ സൃഷ്ടിച്ചെടുത്ത സമ്പത്താണ് താങ്കളുടെ പക്കലുള്ള ആ ദുരിതാശ്വാസ നിധി. ആ താക്കോൽ കള്ളന്റെ കയ്യിലല്ല എന്നുറപ്പാക്കേണ്ടത് താങ്കളുടെ കടമയാണ്. ആ കടമ മറന്ന് താങ്കളുടെ പാർട്ടി ഭരിക്കുന്ന സഹകരണ ബാങ്ക് ആ കുരുന്നുകളോട് കാട്ടിയത് അങ്ങേയറ്റത്തെ ക്രൂരതയാണ്. കേരളത്തിലെ സാംസ്കാരിക നായകരെ കുറിച്ച് പറയുന്നില്ല. സംഭവം ഗുജറാത്തിലോ യു പി യിലോ ആയിരുന്നെങ്കിൽ നിങ്ങളുടെ ഓരിയിടൽ കേൾക്കാമായിരുന്നു.

Related Articles

Latest Articles